എറണാകുളം മെഡിക്കൽ കോളേജ് പുതിയ ബ്ലോക്കും കാൻസർ സെന്‍ററും നിശ്ചയിച്ച സമയത്തിനുള്ളിൽ പൂർത്തിയാക്കും; ഉന്നതതല യോഗത്തിൽ തീരുമാനം

കളമശേരിയിലെ മെഡിക്കല്‍ കോളജിന്‍റെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളിൽ 163 എണ്ണവും മൂന്ന് മാസത്തിനുള്ളിൽ വാങ്ങും
എറണാകുളം മെഡിക്കൽ കോളേജ് പുതിയ ബ്ലോക്കും കാൻസർ സെന്‍ററും നിശ്ചയിച്ച സമയത്തിനുള്ളിൽ പൂർത്തിയാക്കും; ഉന്നതതല യോഗത്തിൽ തീരുമാനം

കളമശേരി: എറണാകുളം മെഡിക്കൽ കോളേജ്, കൊച്ചി കാൻസർ സെന്‍റർ നിർമ്മാണവുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ സ്വീകരിക്കേണ്ട നടപടികൾ പൂർത്തിയാക്കുന്നതിന് സമയക്രമം തീരുമാനിച്ചു. തിരുവനന്തപുരത്ത് വ്യവസായ മന്ത്രി പി.രാജീവ് ആരോഗ്യ മന്ത്രി വീണ ജോർജ് എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്‍റര്‍ നവംബറിലും എറണാകുളം മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഒക്‌ടോബറിലും പൂര്‍ത്തിയാക്കാൻ കഴിഞ്ഞ ദിവസം മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു.

കളമശേരിയിലെ മെഡിക്കല്‍ കോളജിന്‍റെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളിൽ 163 എണ്ണവും മൂന്ന് മാസത്തിനുള്ളിൽ വാങ്ങും. നിലവിൽ റണ്ണിംഗ് കരാറുള്ള ഉപകരണങ്ങളാണ് ഇപ്രകാരം വാങ്ങുന്നത്. എട്ട് ഉപകരണങ്ങളുടെ സ്പെസിഫിക്കേഷൻ വിശദാംശങ്ങൾ തയ്യാറായാൽ ഉടൻ ടെണ്ടർ നടപടികൾ ആരംഭിക്കും. ഇവയുൾപ്പെടെ എല്ലാ ഉപകരണങ്ങളും ആറ് മാസങ്ങൾക്കുള്ളിൽ സ്ഥാപിക്കും. ഇതിനാവശ്യമായ സാമ്പത്തികാനുമതി ഉടനെ ലഭ്യമാക്കും. ആശുപത്രിയിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ വാട്ടർ അതോറിറ്റി സമയബന്ധിതമായി പൂർത്തിയാക്കും. വൈദ്യുതിയെത്തിക്കുന്നതിനായി പ്രത്യേക സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം ലഭ്യമാക്കും. ഉടമസ്ഥത കൈമാറാതെ ഉപയോഗാവകാശമാകും കെ.എസ്.ഇ.ബിക്ക് നൽകുക. നുവാൽസ് മുതൽ കിൻഫ്ര വരെയുള്ള പാത നാലു വരിയാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ പൊതുമരാമത്ത് വകുപ്പിനോടും നിർദ്ദേശിച്ചു. പുതിയ ജീവനക്കാരുടെ പട്ടിക തയ്യാറാക്കി സർക്കാരിലേക്ക് നൽകാനും നിർദ്ദേശം നൽകി. പുതിയ ബ്ലോക്കിന്‍റെ സിവില്‍ ജോലികള്‍ 85 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, പ്ലംബിങ് ജോലികള്‍ 25 ശതമാനവും പൂര്‍ത്തിയായി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് 368.74 കോടി രൂപ ചെലവില്‍ 8 നിലയില്‍ 8.27 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് സജ്ജമാകുന്നത്.

ഉപകരണങ്ങള്‍ ഉള്‍പ്പെടെ കാന്‍സര്‍ റിസര്‍ച്ച് സെന്‍ററിനായി 466 കോടി രൂപയാണ് നിലവില്‍ ചെലവ് വരുന്നത്. ആദ്യഘട്ടത്തില്‍ 100 കിടക്കകളാകും ഉണ്ടാകുക. ഇറക്കുമതി ചെയ്യേണ്ടത് ഉള്‍പ്പെടെ 210 കോടി രൂപയുടെ ഉപകരണങ്ങള്‍ വേണ്ടി വരും. ഉപകരണങ്ങള്‍ വാങ്ങുന്നതുൾപ്പെടെ ആവശ്യമുള്ള പ്രത്യേക സർക്കാർ അനുമതികള്‍ ഉടനെ ലഭ്യമാക്കും.

രണ്ടു പദ്ധതികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഒന്നിടവിട്ട ശനിയാഴ്ച്ചകളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍, കോണ്‍ട്രാക്ടര്‍മാര്‍, ഇന്‍കല്‍ പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി യോഗം ചേരാൻ നേരത്തെ തീരുമാനിച്ചിരുന്നു.

യോഗത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ഡോ.തോമസ് മാത്യു, ഇന്‍കല്‍ എം.ഡി ഡോ. ഇളങ്കോവന്‍, കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്‍റര്‍ സ്പെഷല്‍ ഓഫീസര്‍ ഡോ. ബാലഗോപാല്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രശ്മി രാജന്‍, സുപ്രണ്ട് ഡോ. ഗണേഷ് മോഹന്‍, കിഫ്ബി, കെ.എം എസ്.സി.എൽ പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com