തൃശ്ശൂർ: പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ.എസ്. മണിലാല്‍ (86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം. രോഗബാധിതനായിരുന്നു. സംസ്കാരം ബുധനാഴ്ച വൈകീട്ടു 3ന് തൃശൂർ വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തിൽ.
കാലിക്കട്ട് സർവകലാശാലയിലെ ബോട്ടണി വകുപ്പ് മുൻമേധാവിയാണു കാട്ടുങ്ങൽ സുബ്രഹ്മണ്യം മണിലാൽ എന്ന കെ.എസ്. മണിലാൽ. കോഴിക്കോട്, സൈലന്‍റ് വാലി എന്നിവിടങ്ങളിലെ സസ്യ സന്പത്തിനെക്കുറിച്ചുള്ള ദീർഘപഠനങ്ങൾ പ്രസിദ്ധീകരിച്ചു. കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻട്രിക് ആഡ്രിയൻ വാൻ റീഡ് തയാറാക്കിയ -ഹോർത്തൂസ് മലബാറിക്കൂസ് എന്ന പ്രാചീന ലാറ്റിൻഗ്രന്ഥം, ഇംഗീഷിലും മലയാളത്തിലും എത്തിച്ച ഗവേഷകനാണ്. 50 കൊല്ലത്തെ ഗവേഷണത്തിന്‍റെ ഫലമായിരുന്നു ഇത്.
1964 ല്‍ കാലിക്കറ്റ് സെന്‍ററിൽ ബോട്ടണി വകുപ്പില്‍ അധ്യാപകന്‍. പിന്നീട് കാലിക്കറ്റ് സർവകലാശാല ബോട്ടണി വിഭാഗം പ്രൊഫസര്‍, വകുപ്പ് മേധാവി എന്നീ പദവികൾ വഹിച്ചു. 1999 ൽ കാലിക്കട്ട് സർവകലാശാലയിൽനിന്ന് വിരമിച്ച മണിലാൽ, ശേഷം കോഴിക്കോട് കേന്ദ്രമായി സെന്‍റർ ഫോർ റിസർച്ച് ഇൻ ഇൻഡീജനസ് നോളജ്, സയൻസ് ആൻഡ് കൾച്ചർ എന്ന കൂട്ടായ്മയ്ക്ക് രൂപംനൽകി. ഈ കൂട്ടായ്മയാണ് 'സമഗ്ര' എന്ന ഗവേഷണ ജേർണൽ പ്രസിദ്ധീകരിക്കുന്നത്. 200 ലേറെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള മണിലാൽ, 19 പുതിയ സസ്യയിനങ്ങളെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തി. 4 സസ്യയിനങ്ങൾ അദ്ദേഹത്തിന്‍റെ പേരിലാണ് അറിയപ്പെടുന്നത്. ശാസ്ത്ര മേഖലയിലെ സംഭാവനകള്‍ മാനിച്ച് 2020 ല്‍ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ഭാര്യ: ജ്യോത്സ്ന. മകൾ: അനിത. മരുമകൻ: കെ.പി. പ്രീതൻ.