ഏഴരപ്പൊന്നാന ദർശനത്തിനായി ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലേക്കൊഴുകിയെത്തിയത് ഭക്തസഹസ്രങ്ങൾ

ഏറ്റുമാനൂരപ്പന്‍റെ തിടമ്പ് എഴുന്നള്ളിച്ച് കൊണ്ടുവന്നത്. തുടർന്ന് അലങ്കരിച്ച പ്രത്യേക പീഠത്തിൽ പ്രതിഷ്ഠിച്ച് ഇരുവശങ്ങളിലുമായി പൊന്നാനകളെ അണിനിരത്തി
ചിത്രം: മനോജ് കുമാർ ഇസഡ്
ചിത്രം: മനോജ് കുമാർ ഇസഡ്

#ബിനീഷ് മള്ളൂശേരി

ഏറ്റുമാനൂർ മഹാദേവക്ഷേത്ര ഉത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങായ ഏഴരപ്പൊന്നാന ദർശനത്തിനായും വലിയ കാണിക്കയർപ്പിക്കുന്നതിനുമായി ഭക്തജന സഹസ്രങ്ങൾ ക്ഷേത്രത്തിലേക്കൊഴുകിയെത്തി ദർശന സായൂജ്യമടഞ്ഞു. ആസ്ഥാന മണ്ഡപത്തിൽ എഴുന്നള്ളുന്ന ഏഴരപ്പൊന്നാന ദർശനത്തിനായി പുലർച്ചെ 12ന് ആയിരുന്നു നടതുറന്നത്. മണിക്കൂറുകൾക്ക് മുമ്പുതന്നെ ആസ്ഥാനമണ്ഡപത്തിന് മുന്നിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.

തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ പ്രത്യേക പൂജകൾക്കു ശേഷം ക്ഷേത്ര ശ്രീകോവിലിൽ നിന്ന് ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് ആസ്ഥാനമണ്ഡപത്തിലേക്ക്

ഏറ്റുമാനൂരപ്പന്‍റെ തിടമ്പ് എഴുന്നള്ളിച്ച് കൊണ്ടുവന്നത്. തുടർന്ന് അലങ്കരിച്ച പ്രത്യേക പീഠത്തിൽ പ്രതിഷ്ഠിച്ച് ഇരുവശങ്ങളിലുമായി പൊന്നാനകളെ അണിനിരത്തി. തിടമ്പിന്റെ ഇടതുഭാഗത്ത് നാലും വലതുഭാഗത്ത് മൂന്നും പൊന്നാനകളെയാണ് അണിനിരത്തിയത്. തിടമ്പിന് താഴെ മുൻഭാഗത്തായി അരപ്പൊന്നാനയെയും പ്രതിഷ്ഠിച്ചു.

ദർശനത്തിനായി നട തുറന്നയുടൻ ആസ്ഥാനമണ്ഡപത്തിന് മുന്നിലെ പൊന്നിൻ കുടത്തിലെ വലിയ കാണിക്കയിൽ ആദ്യം പണം ഇടാനുള്ള അവകാശമുള്ള ചെങ്ങന്നൂർ പൊന്നുരുട്ട മഠത്തിലെ കാരണവർ കാണിക്കയർപ്പിച്ചു. തുടർന്ന് ആയിരക്കണക്കിന് ഭക്ത ജനാവലി ഏഴരപ്പൊന്നാന ദർശിച്ച് വലിയ കാണിക്ക സമർപ്പിച്ചു. പുലർച്ചെ 2 മണിയോടെ ഏഴരപ്പൊന്നാനകളെ പുറത്തേക്ക് എഴുന്നള്ളിച്ചു. കാഴ്ചശ്രീബലിയിൽ ഗുരുവായൂർ നന്ദൻ ഏറ്റുമാനൂരപ്പന്റെ തിടമ്പേറ്റി. വലിയവിളക്കും നടന്നു. ചൊവ്വാഴ്ച രാത്രി തിരുവരങ്ങിൽ സിനിമാതാരം രചന നാരായണൻകുട്ടി അവതരിപ്പിച്ച നൃത്തപരിപാടിയും ഉണ്ടായിരുന്നു. ഒമ്പതാം ഉത്സവദിനമായ ഇന്നാണ് പള്ളിവേട്ട.

ഉത്സവത്തിന് സമാപനം കുറിച്ച് നാളെ ആറാട്ട് നടക്കുന്നത് പേരൂർ പൂവത്തുംമൂട് കടവിലാണ്. ആറാട്ടു തിരിച്ചെഴുന്നള്ളത്ത് പേരൂർ ജങ്ഷനിൽ എത്തുമ്പോൾ ഏഴരപ്പൊന്നാനയുടെ അകമ്പടിയോടെ വരവേൽക്കും. തുടർന്ന് ക്ഷേത്ര മൈതാനത്ത് എഴുന്നള്ളിപ്പ് നടക്കും. ഏഴരപ്പൊന്നാന, പള്ളിവേട്ട, ആറാട്ട് എന്നീ ആഘോഷങ്ങൾക്ക് മുൻകരുതലായി കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ 4 ഡിവൈ.എസ്പിമാരും നിലവിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമേ 400 ഓളം പേരെ കൂടുതലായും നിയോഗിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com