കളമശേരി സ്ഫോടനം: മരണസംഖ്യ കുറച്ചത് ഇവാക്വേഷൻ മോക് ഡ്രിൽ

സമ്മേളനത്തിൽ പങ്കെടുത്തവർക്ക് പരിപാടിയുടെ ആദ്യ ദിനം തന്നെ മോക് ഡ്രിൽ നൽകിയിരുന്നു

കളമശേരി: കളമശേരിയിൽ സംമ്ര ഇന്‍റർനാഷണൽ കൺവെൻഷൻ സെന്‍ററിൽ നടന്ന യഹോവ സാക്ഷികളുടെ സമ്മേളനത്തിൽ പങ്കെടുത്തവർക്ക് പരിപാടിയുടെ ആദ്യ ദിനം തന്നെ ഇവാക്വേഷൻ മോക് ഡ്രിൽ നൽകിയിരുന്നു. ഇത് മരണസംഖ്യ കുറയ്ക്കാൻ സഹായിച്ചു. സ്ഫോടനത്തിന്‍റെ ദൃക്സാക്ഷികളടക്കം ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.

അപകടമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച നിർദേശങ്ങൾ മുൻകരുതലെന്നവണ്ണം സംഘാടകർ നൽകിയിരുന്നുവെന്നും, ഇതാണ് തിക്കിലും തിരക്കിലും പെട്ടുണ്ടായേക്കാവുന്ന വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചതെന്നും കൺവെൻഷനിൽ പങ്കെടുത്തവർ പറഞ്ഞു.

മൂന്ന് സ്ഫോടനങ്ങളെങ്കിലും ഉണ്ടായിട്ടുണ്ടെന്നാണ് നിഗമനം. ഒരു പ്രാർഥനായോഗത്തിനിടെ മൂന്ന് സ്ഫോടനങ്ങൾ നടക്കുന്നതും അതിൽ ഒരു മരണം സംഭവിക്കുന്നതും കേരളത്തിലെ തന്നെ ആദ്യ സംഭവമാണെന്നാണ് കരുതുന്നത്.

ഓഡിറ്റോറിയത്തിന്‍റെ മുൻവശത്താണ് ആദ്യ സ്ഫോടനമുണ്ടായതെന്ന് കരുതുന്നു. തുടർന്ന് പിൻഭാഗത്ത് രണ്ട് സ്ഫോടനങ്ങളുണ്ടായി. സ്ഫോടനശേഷം കറുത്ത പുക അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നുമുണ്ടായിരുന്നു.

വിമാനങ്ങളിൽ നൽകുന്ന ഇവാക്വേഷൻ മുൻകരുതലിന് സമാനമായി യോഗത്തിന്‍റെ സംഘാടകർ ഇവിടെ ഒരു പ്രശ്നമുണ്ടായാൽ എങ്ങനെ പുറത്തു കടക്കണം വാതിലുകൾ എവിടെയാണ് എന്നിങ്ങനെ കൃത്യമായ മോക്ഡ്രിൽ യോഗത്തിനെത്തിയവർക്ക് നൽകിയിരുന്നു. അതിനാൽ തന്നെ സ്ഫോടനം നടന്നയുടൻ തന്നെ ആളുകൾക്ക് വളരെ വേഗം പുറത്തുകടക്കാനായി. ആഘാതം കുറഞ്ഞ സ്ഫോടനമാണുണ്ടായതെങ്കിൽ പോലും തുടർന്നുണ്ടായേക്കാവുന്ന തിക്കിലും തിരക്കിലും മരണം സംഭവിക്കാനും സാധ്യതയുണ്ടായിരുന്നു. അത്തരമൊരു സാഹചര്യമൊഴിവായത് സംഘാടകർ നൽകിയ മോക്ഡ്രിൽ ഒന്ന് കൊണ്ട് മാത്രമാണ്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com