എവറസ്റ്റ് ബേസ് ക്യാമ്പ് ട്രെക്കിങ്; നേപ്പാളിൽ മലയാളി യുവാവ് മരിച്ചു, ജീവനെടുത്തത് എഎംഎസ്

കണ്ണൂർ തലശേരി എരഞ്ഞോളി സ്വദേശിയായ അഞ്ജുനാഥ് കാവിങ്ങൽ വളപ്പിൽ (31) ആണ് മരിച്ചത്
Anjunath Kavingal Valappil

അഞ്ജുനാഥ് കാവിങ്ങൽ വളപ്പിൽ

Updated on: 

കാഠ്മണ്ഡു: നേപ്പാളിലെ എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള ട്രെക്കിങ്ങിനിടെ മലയാളി യുവാവ് മരിച്ചതായി റിപ്പോർട്ട്. കണ്ണൂർ തലശേരി എരഞ്ഞോളി സ്വദേശിയായ അഞ്ജുനാഥ് കാവിങ്ങൽ വളപ്പിൽ (31) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം.

ബേസ് ക്യാമ്പിലേക്കുള്ള പ്രധാന ഇടത്താവളമായ സമുദ്രനിരപ്പിൽ നിന്ന് 5,164 മീറ്റർ ഉയരത്തിലുള്ള ഗോരക്‌ഷെപ്പിലെ ഹോട്ടൽ മുറിയിൽ വച്ചാണ് മരണം നടന്നതെന്നാണ് വിവരം. അക്യൂട്ട് മൗണ്ടൻ സിക്‌നസ് (എഎംഎസ്) ആണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒറ്റയ്ക്കാണ് അഞ്ജുനാഥ് ട്രെക്കിങ് നടത്തിയിരുന്നതെന്നാണ് റിപ്പോർട്ടുകൾ.

വിവരമറിഞ്ഞ നേപ്പാൾ പൊലീസ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം കാഠ്മണ്ഡുവിലെ ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിങ് ആശുപത്രിയിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു. വെള്ളിയാഴ്ച ഹെലികോപ്റ്ററിലാണ് മൃതദേഹം കാഠ്മണ്ഡുവിലേക്ക് മാറ്റിയത്. മരണകാരണം സ്ഥിരീകരിക്കാൻ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തും.

കഴിഞ്ഞവർഷം അഞ്ജുനാഥ് നേപ്പാളിൽ തന്നെയുള്ള അന്നപൂർണ ബേസ് ക്യാമ്പ് ട്രെക്കിങ് വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തവണ എവറസ്റ്റ് ബേസ് ക്യാമ്പ് ലക്ഷ്യമിട്ടെത്തിയത്. ട്രാവൽ വ്ലോഗർ കൂടിയായ അഞ്ജുനാഥ് തന്‍റെ 'ട്രാവൽ വിത്ത് അഞ്ജുനാഥ്' എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ യാത്രാ വിവരങ്ങൾ പങ്കിട്ടിരുന്നു.

സമുദ്രനിരപ്പിൽ നിന്ന് 2,500 മീറ്ററോ അതിലധികമോ ഉയരമുള്ള പ്രദേശങ്ങളിലേക്ക് പെട്ടെന്ന് കയറുമ്പോൾ അന്തരീക്ഷത്തിലെ ഓക്സിജൻ ലഭ്യത കുറയുന്നത് മൂലം ആ സാഹചര്യവുമായി ശരീരത്തിന് പൊരുത്തപ്പെടാൻ കഴിയാത്ത അവസ്ഥയാണ് അക്യൂട്ട് മൗണ്ടൻ സിക്നസ് (എഎംഎസ്).