

'മരിച്ചാലും കോൺഗ്രസ് വിടില്ല', പിന്നാലെ കുന്നത്തുനാട്ടിൽ എൻഡിഎ സ്ഥാനാർഥിയായി ബാബു ദിവാകരൻ
കൊച്ചി: എറണാകുളം ജില്ലയിലെ സംവരണ മണ്ഡലമായ കുന്നത്തുനാട്ടില്‍ അപ്രതീക്ഷിത സ്ഥാനാർഥിയെ പ്രഖ്യാപിച്ച് എന്‍ഡിഎ സഖ്യം. അടൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ബാബു ദിവാകരനെയാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. കുന്നത്തുനാട്ടില്‍ നടന്ന നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ട്വന്‍റി20 സംസ്ഥാന പ്രസിഡന്‍റ് സാബു എം. ജേക്കബാണ് പ്രഖ്യാപനം നടത്തിയത്. ചക്കയാണ് ട്വന്‍റി20യുടെ തെരഞ്ഞെടുപ്പ് ചിഹ്നം.
മുൻ ഡിസിസി ജനറൽ സെക്രട്ടറിയാണ് ബാബു. കോൺഗ്രസ് പാർട്ടിയിലെ എല്ലാ പദവികളും രാജി വെക്കുന്നതായും മരിച്ചാലും മറ്റ് പാർട്ടിയിലേക്ക് പോകില്ലെന്നും കഴിഞ്ഞ ദിവസം ബാബു പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കുന്നത്തുനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയായി ബാബുവിനെ പ്രഖ്യാപിച്ചത്.
കുന്നത്തുനാട്ടിലെ ഇടത്, വലത് എംഎല്‍എമാര്‍ കോടീശ്വരന്മാരായിരിക്കെ സ്വന്തമായി കിടപ്പാടമില്ലാത്ത സ്ഥാനാർഥിയെയാണ് എന്‍ഡിഎ അവതരിപ്പിക്കുന്നതെന്ന് സാബു ജേക്കബ് പറഞ്ഞു. 2006ല്‍ മത്സരിക്കുമ്പോള്‍ കേവലം 4 ലക്ഷം രൂപയായിരുന്നു പി.വി. ശ്രീനിജന്‍റെ സ്വത്ത് 2021ല്‍ അത് 18 കോടിയായി ഉയര്‍ന്നു. യാതൊരു തൊഴിലും ചെയ്യാതെ കോടികള്‍ സമ്പാദിക്കുന്ന മാജിക്ക് കുന്നത്തുനാട്ടിലെ യുവജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചാല്‍ അവര്‍ വിദേശത്ത് തൊഴില്‍ തേടി പോകില്ലെന്നും സാബു ജേക്കബ് പറഞ്ഞു.
എന്‍ഡിഎയുടെ സംസ്ഥാനത്തെ ആദ്യ സ്ഥാനാർഥിയെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചതെന്നും തര്‍ക്കങ്ങളില്ലാതെ 140 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കുന്നത്തുനാട്ടിലെ എന്‍ഡിഎയുടെ പ്രചരണത്തിന്‍റെ ഉദ്ഘാടനം സ്ഥാനാർഥിക്കൊപ്പം ചുവരെഴുതി രാജീവ് ചന്ദ്രശേഖര്‍ നിര്‍വഹിച്ചു. കണ്‍വെന്‍ഷനില്‍ ബോബി ജേക്കബ്, പി.പി. സജീവ്, വി.എന്‍. വിജയന്‍, എ.ബി. ജയപ്രകാശ്, വി. ഗോപകുമാര്‍, കെ.എസ്. അഭിലാഷ്, ജിബി അബ്രാഹം, അരുണ്‍ കുമാര്‍, അരുണ്‍ പി. മോഹന്‍, ഡോ. ഷമീര്‍ മുഹമ്മദ്, കെ. ചന്ദ്രമോഹന്‍, സരള പൗലോസ്, കുരുവിള മാത്യൂസ്, മനോജ് മനക്കേക്കര, ശുചീന്ദ്രന്‍ എന്നിവരും പ്രസംഗിച്ചു.