പൊതു ശ്മശാനങ്ങളിൽ സമുദായ വേർത്തിരിവുകൾ പാടില്ല; എല്ലാവരുടേയും ഭൗതിക ശരീരം അടക്കം ചെയ്യണം: ഹൈക്കോടതി

പാലക്കാട് പുത്തൂർ പഞ്ചായത്തിലെ ശ്മശാനത്തിൽ ചക്കിലിയന്‍ സമുദായത്തിന് സംസ്കാരിക്കാന്‍ അനുമതി നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
പൊതു ശ്മശാനങ്ങളിൽ സമുദായ വേർത്തിരിവുകൾ പാടില്ല; എല്ലാവരുടേയും ഭൗതിക ശരീരം അടക്കം ചെയ്യണം: ഹൈക്കോടതി

കൊച്ചി: പൊതു ശ്മശാനങ്ങളിൽ സമുദായ വേർത്തിരിവുകൾ ഇല്ലാതെ എല്ലാവരുടേയും ഭൗതിക ശരീരം അടക്കം ചെയ്യണമെന്ന് ഹൈക്കോടതി. ഇപ്പോഴും സമുദായങ്ങളുടെ അടിസ്ഥാനത്തിൽ ശ്മശാനങ്ങൾക്ക് ലൈസന്‍സ് നൽകുന്ന പതിവ് തുടരേണ്ടതുണ്ടോയെന്നും കോടതി സർക്കാരിനോട് ആരാഞ്ഞു.

പാലക്കാട് പുത്തൂർ പഞ്ചായത്തിലെ ശ്മശാനത്തിൽ ചക്കിലിയന്‍ സമുദായത്തിന് സംസ്കാരിക്കാന്‍ അനുമതി നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 2020 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. ചക്കിലിയന്‍ സമുദായത്തിലെ സ്ത്രീയുടെ മൃതദേഹം സംസ്കരിക്കാനെത്തിയ കുടുംബാഗങ്ങൾക്ക് മേൽജാതിക്കാർ അനുമതി നൽകിയില്ലെന്നും ഭീഷണിപ്പെടുത്തിയതായുമാണ് ഹർജിയിൽ പരാമർശിക്കുന്നത്.

എന്നാൽ ഹർജിയിൽ‌ പരാമർശിക്കുന്ന ശ്മശാനം സ്വകാര്യ വ്യക്തയുടേതാണെന്ന് ജില്ലാ കലക്‌ടർ കോടതിയെ അറിയിച്ചു. കൊവിഡ് ഭീതി നിലനിൽക്കുന്ന കാലമായതിനാലാണ് സ്ത്രീയുടെ മൃതദേഹം അടക്കം ചെയ്യാതിരുന്നതെന്നും മറ്റൊരു സ്ഥലം കണ്ടെത്തി ഈ പ്രശ്നം പരിഹരിച്ചതാണെന്നും കലക്‌ടർ കോടതിയെ അറിയിച്ചു. ഈ ഒരൊറ്റ സംഭവം മാത്രം മുന്നിൽ കണ്ട് ജാതി വേർത്തിരിവ് നിലനിൽക്കുന്നുവെന്ന നിഗമനത്തിൽ എത്താനാവില്ലെന്നും എന്നാൽ മഹാമാരിക്കാലത്ത് കൊവിഡ് ഭീതി ഉയർത്തി പ്രദേശവാസികൾ എതിർപ്പ് പ്രകടിപ്പിച്ചതും തള്ളിക്കളയാനാവില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം ഏതു പൊതുശ്മശാനവും സമുദായ വേർത്തിരിവ് ഇല്ലാതെ തന്നെ ഏവർക്കും പ്രാപ്യമാവേണ്ടതുമുണ്ടെന്നും കോടതി പറഞ്ഞു. പല നിയമങ്ങളും അനുസരിച്ച് സർക്കാർ സമുദായങ്ങൾക്ക് ശ്മശാന ലൈസന്‍സ് നൽകുന്നുണ്ട്. ഇതു തുടരുന്നുണ്ടൊയെന്ന് പരിശോധിക്കണം. ഇത്തരത്തിൽ പ്രവർത്തിക്കുന്നത് ഭരണഘടനയുടെ അനുച്ഛേദങ്ങളുടെ ലംഘനങ്ങൾ നടക്കുന്നുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com