

കൊച്ചി: ബിഹാർ സ്വദേശിയായ 5 വയസുകാരി അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പെരുമ്പാവൂരിലും ആലുവയിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകൾ കേന്ദ്രീകരിച്ച് എക്സൈസ് റെയ്ഡ്. കുട്ടിയുടെ വീടിന്‍റെ പരിസരത്തും എക്‌സൈസ് സംഘം പരിശോധന നടത്തി വരുകയാണ്.
തൊഴിലാളികളുടെ ക്യാമ്പുകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടാണ് പരിശോധന. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ സമാന പരിശോധനകൾ നടന്നിരുന്നു. പൊലീസും ഇത്തരത്തിലുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കേസിലെ പ്രതി അസഫാക് ആലം താമസിച്ചിരുന്ന മുറിയിലടക്കം പരിശോധന നടത്തിയിട്ടുണ്ട്. ജില്ലാ ഡെപ്യൂട്ടി കലക്ടറുടെ നിർദേശ പ്രകാരമാണ് പരിശോധന.
നിരോധിത പുകയില ഉൽപ്പന്നങ്ങൾ, ലഹരി വസ്തുക്കൾ എന്നിവ കണ്ടെത്തിയതായി എക്സൈസ് അധികൃതർ അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടം ചേരുന്നതും പൊലീസ് നിരോധിച്ചിട്ടുണ്ട്.