വികസനത്തിന് തുരങ്കം വയ്ക്കുന്ന ബാഹ്യശക്തികളെ ചെറുക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ഏഴംകുളം - കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി
വികസനത്തിന് തുരങ്കം വയ്ക്കുന്ന ബാഹ്യശക്തികളെ ചെറുക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

അടൂർ : കിഫ്ബിയെ ദുര്‍ബലപ്പെടുത്തി നാടിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്ന ബാഹ്യശക്തികളെ കേരളം ഒറ്റക്കെട്ടായി നിന്ന് ചെറുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഏഴംകുളം - കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ബജറ്റ് തുക കൊണ്ട് മാത്രം വികസനം യാഥാര്‍ഥ്യമാകാതെ വരുന്ന സമയത്ത് പരിഹാരമായാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് വികസനപ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് കിഫ്ബിയിലൂടെ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നത്.  ഡെപ്യൂട്ടി സ്പീക്കറും അടൂര്‍ എംഎല്‍എയുമായ ചിറ്റയം ഗോപകുമാറിന്റേയും കോന്നി എംഎല്‍എ അഡ്വ. കെ.യു. ജനീഷ് കുമാറിന്റേയും ശ്രമഫലമായാണ് ഈ റോഡ് നിര്‍മാണം സാക്ഷാത്ക്കരിച്ചത്. 10.208 കിലോമീറ്റര്‍ നീളത്തിലാണ് ഈ റോഡ് നിര്‍മിക്കുന്നത്. ബിഎം, ബിസി നിലവാരത്തില്‍ നിര്‍മിക്കുന്ന ഈ റോഡില്‍ മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഓട സംവിധാനവുമുണ്ടാകും. പത്തനംതിട്ട ജില്ലയുടെ സമഗ്രവികസനത്തിന് ഈ റോഡ് വലിയ പങ്ക് വഹിക്കും. പ്രത്യേകിച്ച് ശബരിമല തീര്‍ഥാടന കാലത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീര്‍ഥാടകര്‍ക്ക് വേഗത്തില്‍ പത്തനംതിട്ട ടൗണില്‍ ഈ റോഡിലൂടെ എത്തിച്ചേരാന്‍ സാധിക്കും. അഞ്ച് വര്‍ഷം കൊണ്ട് 100 പാലങ്ങള്‍ പൂര്‍ത്തീകരിക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ മികച്ച വികസനം നടന്ന ജില്ലയാണ് പത്തനംതിട്ടയെന്നും എല്ലാ വിഭാഗം ജനങ്ങളേയും യോജിപ്പിച്ച് മുന്നോട്ട് പോകുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനായി. അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ മുഖ്യാതിഥിയായി.

കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍നായര്‍, ജില്ലാ പഞ്ചായത്തംഗം ബീന പ്രഭ,  ഏഴംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.ജയന്‍, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി. പി. ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ആര്‍. രാജീവ് കുമാര്‍, കുഞ്ഞന്നാമ്മകുഞ്ഞ്, സിപിഐഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എം. ബിന്ദു, തുടങ്ങിയവര്‍ പങ്കെടുത്തു.

കിഫ്ബിയില്‍ നിന്നും 41.18 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ച  പദ്ധതി കേരളാ റോഡ് ഫണ്ട് ബോര്‍ഡിന്റെ ചുമതലയിലാണ് നിര്‍മാണം നടത്തുന്നത്. അടൂര്‍, കോന്നി നിയോജകമണ്ഡലങ്ങളിലെ ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ് ഈ റോഡ്. കായംകുളം - പുനലൂര്‍ സംസ്ഥാന പാതയില്‍ നിന്ന് ആരംഭിച്ച് അടൂര്‍-പത്തനംതിട്ട ദേശീയ പാതയില്‍ ചേരുന്നതാണ് ഈ റോഡ്. ചന്ദനപ്പള്ളി ദേവാലയങ്ങള്‍, ചിലന്തിയമ്പലം, കൊടുമണ്‍ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഈ റോഡ് പ്രയോജനകരമാണ്.

അടൂര്‍, കോന്നി താലൂക്കുകളില്‍ ഉള്‍പ്പെട്ട ഈ റോഡ് എംസി റോഡിനും എന്‍എച്ചിനും സമാന്തരമായി ഏഴംകുളം, കൊടുമണ്‍, വള്ളിക്കോട് എന്നീ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്നു. ഈ റോഡ് പൂര്‍ത്തിയാകുന്നതോടെ ഈ മേഖലയുടെ സമഗ്രവികസനം സാധ്യമാകും.

10.208 കി.മി നീളമുള്ള റോഡിന്റെ മൊത്തം വീതി 12 മീറ്ററാണ്. ഒന്‍പതു മീറ്റര്‍ വീതിയില്‍ ബിഎം ആന്‍ഡ് ബിസി ആധുനിക നിലവാരത്തിലാണ് നിര്‍മാണം. റോഡ് ദീര്‍ഘകാലം നിലനില്‍ക്കുന്നതിന് ആവശ്യമായ ഓടകള്‍, കലുങ്കുകള്‍, സംരക്ഷണ ഭിത്തികള്‍, കിഫ്ബി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ എല്ലാ ഘടകങ്ങളും റോഡ് നിര്‍മാണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com