ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ അതീവ ജാഗ്രത പാലിക്കണം: ആരോഗ്യ മന്ത്രി

മഴ തുടരുന്നതിനാല്‍ വീടുകളും സ്ഥാപനങ്ങളും പൊതു ഇടങ്ങളും ഉള്‍പ്പെടെ നിയന്ത്രണം സമഗ്രമായ രീതിയില്‍ തുടരേണ്ടതു അനിവാര്യമാണെന്നു മന്ത്രി
ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ അതീവ ജാഗ്രത പാലിക്കണം: ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരേ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 2013 നും 2017നും സമാനമായി ഈ വര്‍ഷം ഡെങ്കിപ്പനി രോഗവ്യാപനം കൂടുതലുണ്ടാകുമെന്നു പ്രതീക്ഷിച്ചതിനാല്‍ മുന്‍കൂട്ടി ജാഗ്രതാ നിര്‍ദേശം നല്‍കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതിനാല്‍ കാര്യമായ തോതില്‍ കേസുകള്‍ വര്‍ധിച്ചിട്ടില്ല. മഴ തുടരുന്നതിനാല്‍ വീടുകളും സ്ഥാപനങ്ങളും പൊതു ഇടങ്ങളും ഉള്‍പ്പെടെ രോഗം പരത്തുന്ന കൊതുകുകളുടെ നിയന്ത്രണം സമഗ്രമായ രീതിയില്‍ തുടരേണ്ടതു രോഗനിയന്ത്രണത്തിന് അനിവാര്യമാണെന്നു മന്ത്രി പറഞ്ഞു.

പകര്‍ച്ചപ്പനി പ്രതിരോധത്തിന്‍റെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം നടന്നു. ആരോഗ്യ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടതാണെന്നു നിര്‍ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ ജില്ലാ കലക്റ്റര്‍മാരുമായി കൂടിയാലോചിച്ച് വിവിധ വകുപ്പുകളും ജനപ്രതിനിധികളുമായും ചര്‍ച്ച ചെയ്ത് വാര്‍ഡുതലം മുതലുള്ള ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. എല്ലാ ജില്ലകളിലേയും ഹോട്ട് സ്‌പോട്ടുകള്‍ ജില്ലകള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും കൈമാറുകയും അതു പ്രസിദ്ധീകരിക്കുകയും വേണം. ആശുപത്രികളില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. വരുന്ന 8 ആഴ്ചകളില്‍ വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച ഓഫിസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെ ഡ്രൈ ഡേ ആചരിക്കണം. സ്വകാര്യ ആശുപത്രികളിലെ പകര്‍ച്ചപ്പനി കേസുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും നിർദേശിച്ചു. മരണം പരമാവധി ഒഴിവാക്കാന്‍ പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ ഉറപ്പാക്കണം.

എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. സ്വയം ചികിത്സ പാടില്ല. നീണ്ടുനില്‍ക്കുന്ന പനി വളരെ ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com