മാറിയത് സിപിഎമ്മുകാരുടെ ദാരിദ്ര്യമെന്ന് ചെന്നിത്തല, പിആർ സ്റ്റണ്ടെന്ന് കെസി; റിപ്പോർട്ടുമായി രാജേഷ്

''സിപിഎമ്മിന്‍റെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ അടക്കമുള്ളവര്‍ കോടീശ്വരന്മാരായി. കേരളത്തിൽ അതിദാരിദ്ര്യം ഇല്ലാതായെന്ന് ഒരു ഏജൻസിയും സാക്ഷ്യപ്പെടുത്തിയിട്ടില്ല''
''സിപിഎമ്മിന്‍റെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ അടക്കമുള്ളവര്‍ കോടീശ്വരന്മാരായി. കേരളത്തിൽ അതിദാരിദ്ര്യം ഇല്ലാതായെന്ന് ഒരു ഏജൻസിയും സാക്ഷ്യപ്പെടുത്തിയിട്ടില്ല''

മന്ത്രി എം.ബി. രാജേഷ് പുറത്തുവിട്ട, അതിദാരിദ്ര്യ നിർമാർജ സ്റ്റാറ്റസ് റിപ്പോർട്ട്.

Updated on

തിരുവനന്തപുരം: അതിദാരിദ്ര്യ നിര്‍മാര്‍ജനം എന്ന പേരില്‍ സര്‍ക്കാര്‍ നടത്തുന്നത് ജനങ്ങളെ കബളിപ്പിക്കാനുള്ള വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കേരളത്തില്‍ നിന്ന് അതിദാരിദ്ര്യം ഇല്ലാതെയായെന്ന് ഒരു ഏജന്‍സികളും സര്‍ട്ടിഫൈ ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സസ്റ്റെയ്നബിള്‍ ഡവലപ്‌മെന്‍റ് ഗോള്‍സ് (എസ്ഡിജി) എന്ന പേരില്‍ ഐക്യരാഷ്ട്ര സഭ മുന്നോട്ടു വയ്ക്കുന്ന 17 ഇന പരിപാടികളില്‍ ഒന്നാണ് ദാരിദ്ര്യ, അതിദാരിദ്ര്യ നിര്‍മാര്‍ജനം. ഐക്യരാഷ്ട്രസഭയ്ക്കു കീഴിലുള്ള ഏതാണ്ട് മുപ്പത്തിയെട്ടോളം ഏജന്‍സികള്‍ ഇതിനായി അഹോരാത്രം പണിയെടുക്കുന്നുണ്ട്. ഈ സംഘടനകളുടെ ഒന്നും അംഗീകാരം കേരള സര്‍ക്കാരിന്‍റെ ഈ പ്രഖ്യാപനത്തിന് ഇല്ല. ഇത് കേരളസര്‍ക്കാര്‍ പറഞ്ഞു പരത്തുന്ന ഒരു നുണ മാത്രമാണിതെന്നും ചെന്നിത്തല ആരോപിച്ചു.

ഒന്നരക്കോടി രൂപ ചെലവഴിച്ച ഒറ്റ ദിവസത്തെ പരിപാടിയും ശതകോടികള്‍ ചെലവഴിക്കുന്ന ഒരു പിആര്‍ ക്യാംപെയ്നും മാത്രമാണിത്. അവനവനുള്ള സര്‍ട്ടിഫിക്കറ്റ് അവനവന്‍ തന്നെ അച്ചടിച്ചെടുക്കും പോലെയുള്ള ഒരു പരിപാടി മാത്രമാണിത്. കേരളത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തെ ഭരണം കൊണ്ട് സിപിഎമ്മുകാരുടെ ദാരിദ്ര്യമാണ് മാറിയത്. സിപിഎമ്മിന്‍റെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ അടക്കമുള്ളവര്‍ കോടീശ്വരന്മാരായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

അതേസമയം, സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ സമഗ്രമായ സ്റ്റാറ്റസ് റിപ്പോർട്ട് പുറത്തിറക്കി മന്ത്രി എം.ബി. രാജേഷ്. റിപ്പോർട്ട് എവിടെയെന്ന് അന്വേഷിച്ചവരുടെ അറിവിലേക്കാണ് ഇത് പ്രസിദ്ധീകരിക്കുന്നതെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഈ സമഗ്രമായ റിപ്പോർട്ട് കൂടാതെ പദ്ധതിയുമായി ബന്ധപ്പെട്ട് അര ഡസനിലധികം രേഖകളെങ്കിലും പൊതുമണ്ഡലത്തിൽ ലഭ്യമാണ്. ഇത് ആദ്യമായി പ്രസിദ്ധീകരിക്കുന്ന ഏക റിപ്പോർട്ടല്ല. 2023 നവംബർ ഒന്നിന് ഒരു ഇടക്കാല റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. താത്പര്യമുള്ളവർക്ക് സ്റ്റാറ്റസ് റിപ്പോർട്ട് കമന്‍റിലെ ലിങ്കിൽ വായിക്കാൻ ലഭ്യമാണെന്നും മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പ്രഖ്യാപനം പിആര്‍ സ്റ്റണ്ട്: കെസി വേണുഗോപാല്‍ എംപി

സര്‍ക്കാരിന്‍റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനം പിആര്‍ സ്റ്റണ്ടാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപിയും ആരോപിച്ചു. ഈ പ്രഖ്യാപനത്തിലൂടെ അരികുവത്കരിക്കപ്പെട്ടൊരു ജനതയുടെ അവകാശങ്ങളെയാണ് സംസ്ഥാന സര്‍ക്കാര്‍ നിഷേധിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ് സര്‍ക്കാരിന്‍റേത്.

അതിദരിദ്രരും ദരിദ്രരുമൊന്നുമില്ലാത്ത കേരളം എല്ലാവര്‍ക്കും അഭിമാനം തന്നെയാണ്. അതുപക്ഷേ, പാവങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടും കള്ളക്കണക്ക് അവതരിപ്പിച്ചും അല്ല സൃഷ്ടിക്കേണ്ടത്. വിശക്കുന്ന മനുഷ്യനെ തെരഞ്ഞെടുപ്പിനുള്ള പ്രചരണ ആയുധങ്ങളായി സര്‍ക്കാര്‍ കാണരുത്. ദരിദ്രരായ മനുഷ്യരുടെ ദുരിതപൂര്‍ണമായ ജീവിതം ലോകത്തിന് മുന്നില്‍ മറച്ചുപിടിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ മതില്‍ കെട്ടിയത് പോലെ നുണയുടെ ചീട്ടുകൊട്ടാരം കെട്ടിയുയര്‍ത്താണ് കേരള സര്‍ക്കാരിന്‍റെ അതിദാരിദ്ര്യ മുക്ത പ്രഖ്യാപനമെന്നും കെസി വേണുഗോപാല്‍ പരിഹസിച്ചു.

സംസ്ഥാനത്തെ അതിദരിദ്രരായ 5.29 ലക്ഷം മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അരിയും ഗോതമ്പും നല്‍കുമ്പോള്‍ എനെയാണ് സര്‍ക്കാരിന്‍റെ കണക്കില്‍ അതിദരിദ്രരുടെ എണ്ണം 64,006 കുറഞ്ഞതെന്ന് വ്യക്തമാക്കണം. മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി ലഭിക്കുന്ന സഹായങ്ങള്‍ നിഷേധിക്കുന്ന നടപടിയാണ് പിണറായി സര്‍ക്കാരിന്‍റേത്. 2011 ലെ സെന്‍സസ് പ്രകാരം 1.16 ലക്ഷം ആദിവാസി കുടുംബങ്ങളിലായി 4.85 ലക്ഷം ആദിവാസികള്‍ കേരളത്തിലുണ്ട്. ഇവരില്‍ എത്രപേര്‍ അതിദാരിദ്ര്യം അനുഭവിക്കുന്ന പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ മറുപടി പറയണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com