ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിൽ ഏഴര പൊന്നാന ദര്‍ശനം ഇന്ന്

ക്ഷേത്രത്തിലെ അറയ്ക്കുള്ളിലാണ് ഏഴരപ്പൊന്നാനയെ സൂക്ഷിച്ചിരിക്കുന്നത്. എട്ടാം ഉത്സവത്തിനും ആറാട്ടിനുംമാത്രമാണ് പുറത്തെടുക്കുന്നത്
ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിൽ ഏഴര പൊന്നാന ദര്‍ശനം ഇന്ന്
Updated on

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഏറ്റവും പ്രധാന ചടങ്ങായ ചരിത്രപ്രസിദ്ധമായ ഏഴര പൊന്നാന ദര്‍ശനം ഇന്ന്. രാത്രി ആസ്ഥാന മണ്ഡപത്തില്‍ എഴുന്നള്ളുന്ന ഏഴരപൊന്നാന ദർശനത്തിനായും കാണിക്കയര്‍പ്പിക്കാനുമായി ആയിരക്കണക്കിന് ഭക്തജനങ്ങൾ ക്ഷേത്ര സന്നിധിയിലെത്തും. രാത്രി 12 മുതലാണ് ഭക്തര്‍ക്ക് ഏഴരപ്പൊന്നാന ദര്‍ശിയ്ക്കാന്‍ അവസരമുള്ളത്.

ഏഴരപ്പൊന്നാന

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ആസ്ഥാനമണ്ഡപത്തിൽ ഇരുവശത്തും ഏഴരപ്പൊന്നാനയെ അണിനിരത്തി ഏറ്റുമാനൂരപ്പന്‍റെ തിടമ്പുവെച്ചാണ് വലിയകാണിക്ക. ചെങ്ങന്നൂർ പൊന്നുരുട്ട മഠത്തിലെ പണ്ടാരത്തിലിന്‍റെ പ്രതിനിധി ആദ്യകാണിക്ക അർപ്പിക്കും. ക്ഷേത്രത്തിലെ അറയ്ക്കുള്ളിലാണ് ഏഴരപ്പൊന്നാനയെ സൂക്ഷിച്ചിരിക്കുന്നത്. എട്ടാം ഉത്സവത്തിനും ആറാട്ടിനുംമാത്രമാണ് പുറത്തെടുക്കുന്നത്. ഏഴാം ഉത്സവംമുതൽ കാഴ്ചശ്രീബലിക്കും എതിരേല്പിനും തിടമ്പേറ്റിയ ഗജവീരന്റെ പുറത്ത് പൊന്നിൻകുട ചൂടും. രണ്ടടി ഉയരമുള്ള ഏഴാനകളും ഒരടി ഉയരമുള്ള കുട്ടിയാനയുമാണ് ഏഴരപ്പൊന്നാന എന്നത്. ഏഴരപ്പൊന്നാന അഷ്ടദിഗ്ഗജങ്ങളെ പ്രതിനിധാനംചെയ്യുന്നു.

കാർത്തിക തിരുനാൾ മഹാരാജാവ് 7143 കഴഞ്ച് സ്വർണംകൊണ്ട് നിർമിച്ച ഏഴരപ്പൊന്നാനയെ ക്ഷേത്രത്തിൽ നടയ്ക്കുവച്ചതാണെന്നും, എന്നാൽ മാർത്താണ്ഡവർമ മഹാരാജാവ് ഏഴരപ്പൊന്നാനയെ നടയ്ക്കുവച്ചതാണെന്നും രണ്ട് രീതിയിൽ ഐതിഹ്യമുണ്ട്. ചെന്തെങ്ങിൻകുലകളും തളിർവെറ്റിലയും പട്ടും കട്ടിമാലകളും കൊണ്ടലങ്കരിച്ച ആസ്ഥാനമണ്ഡപത്തിൽ ഏഴരപ്പൊന്നാനയെ എഴുന്നള്ളിക്കുമ്പോൾ പ്രപഞ്ചമൂർത്തിയെ വണങ്ങാൻ ദേവന്മാരും ഋഷീശ്വരന്മാരും എത്തുമെന്നാണ് ഭക്തരുടെ വിശ്വാസം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com