

വി.ഡി. സതീശൻ
നെടുങ്കണ്ടം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ട കെഎസ്ആർടിസി ഡ്രൈവർക്കെതിരേ നടപടി. കെഎസ്ആർടിസി ഇടുക്കി നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവറായ എസ്. സുനിൽകുമാറിനെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിനാണ് നടപടി.
മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ ഫേസ്ബുക്കിൽ പോസ്റ്റിട്ട സുനിൽകുമാർ, മുഖ്യമന്ത്രിയെ മോശം രീതിയിൽ ചിത്രീകരിക്കുന്നതിനായി മോർഫ് ചെയ്ത ചിത്രം സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെയാണ് വകുപ്പുതലത്തിൽ അടിയന്തര അച്ചടക്ക നടപടി സ്വീകരിച്ചത്.പൊതുജന മധ്യത്തിൽ സർക്കാരിന്‍റെയും കെഎസ്ആർടിസി കോർപ്പറേഷന്‍റെയും അന്തസിന് കളങ്കം വരുത്തുന്ന രീതിയിൽ സോഷ്യൽ മീഡിയ ഉപയോഗിച്ചതിനാണ് നടപടി.
സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ് ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പ്രാഥമികമായി വിലയിരുത്തി. തുടർന്നാണ് നെടുങ്കണ്ടം യൂണിറ്റിലെ സുനിൽകുമാറിനെ അന്വേഷണവിധേയമായി അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ കെഎസ്ആർടിസി അധികൃതർ ഉത്തരവിട്ടത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.