
കളമശേരി: എറണാകുളം ഗവൺമെൻ്റ് മെഡിക്കൽ കേളേജിലെ വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ച കേസ്സിലെ ഒന്നാം പ്രതി ആലപ്പുഴ ശ്രീഗണേശം എ.അനിൽകുമാർ (53) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ.സേതുരാമൻ ഐ പി എസിന്റെ നിർദ്ദേശ പ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ്. ശശിധരൻ ഐ പി എസിൻറ മേൽ നോട്ടത്തിൽ തൃക്കാക്കര അസിസ്റ്റൻറ്' പോലിസ് കമ്മിഷണർ പി.വി.ബേബിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതി ഒളിവിൽ താമസിച്ചിരുന്ന തമിഴ്നാട് മധുരയിൽ നിന്നുമാണ് ഇന്നലെ പുലർച്ചെ പോലീസ് പിടികൂടി തൃക്കാക്കര അസിസ്റ്റൻറ് പോലിസ് കമ്മിഷണറുടെ ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കളമശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കളമശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ആർ.സന്തോഷ്, പോലീസ് സബ് ഇൻസ്പെക്ടർമാരായ അരുൺ കുമാർ, റോബർട്ട്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷാൻറിമോൻ, രാഹുൽ, സിവിൽ പോലീസ് ഓഫീസർ നിജിൽ കുമാർ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.