ആലപ്പുഴ: വനിത കൃഷി ഓഫീസർ ഉൾപ്പെട്ട കള്ളനോട്ടു കേസ് സംഘത്തിലെ 4 പ്രതികൾ കൂടി അറസ്റ്റിൽ. ഇവരെ പാലക്കാട് വാളയാറിൽ നിന്ന് മറ്റൊരു കേസിലാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
പിന്നീട് ചോദ്യം ചെയ്യലിലാണ് എടത്വ കേസ് ഉൾപ്പടെയുള്ള കേസിലും പ്രതിയാണെന്ന വിവരം ലഭിക്കുന്നത്. അറസ്റ്റിലായ 4 പേരുടേയും പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവരെ ഉടന്‍ ആലപ്പുഴ പൊലീസിന് കൈമാറുമെന്നാണ് വിവരം. എടത്വ കൃഷി ഓഫീസർ എം ജിഷമോൾ കഴിഞ്ഞ ആഴ്ച്ചയാണ് അറസ്റ്റിലാവുന്നത്. കേസിലെ മുഖ്യ പ്രതിയായ അജീഷും പിടിയിലായെന്ന് റിപ്പോർട്ട്.
ആലപ്പുഴ കോൺവെന്‍റ് സ്ക്വയറിലെ ബാങ്ക് ശാഖയിൽ വ്യാപാരി കൊണ്ടുവന്ന 500 രൂപയുടെ നോട്ടുകളാണ് ജിഷയുടെ അറസ്റ്റിലേക്ക് വഴിവച്ചത്. 500 രൂപയുടെ 7 നോട്ടുകൾ മത്സ്യബന്ധന സാമഗ്രികൾ വിൽക്കുന്ന ആൾ ബാങ്കിൽ നൽകിയത്. നോട്ടു കണ്ട് സംശയം നോന്നിയ ബാങ്ക് മാനേജർ പരിശോധിച്ചപോഴാണ് കള്ളനോട്ടുകളാണെന്ന് വ്യക്തമായത്. തുടർന്ന് കൃഷി ഓഫീസറെ അറസ്റ്റു ചെയ്യുകയായിരുന്നു.
യുവതി കള്ളനോട്ടു സംഘത്തിലെ അംഗമാണെന്നാണു പൊലീസിന്‍റെ സംശയം. എന്നാൽ കള്ളനോട്ടുകളുടെ ഉറവിടം വ്യക്തമാക്കിയിട്ടില്ല. നേരത്തെ , വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും മുൻപ് ജോലിചെയ്ത സ്ഥലത്തും ക്രമക്കേട് കാണിച്ചിട്ടുണ്ടെന്നും ഇവർക്കെതിരെ ആരോപണമുണ്ടായിരുന്നു.