
കരുവാരക്കുണ്ടിൽ കടുവ ഇറങ്ങിയെന്ന് വ്യാജ പ്രചരണം, കൂടെ എഡിറ്റ് ചെയ്ത വീഡിയോയും; യുവാവിനെതിരെ പരാതി
മലപ്പുറം: കരുവാരക്കുണ്ടിൽ കടുവ ഇറങ്ങിയെന്ന തരത്തിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചയാൾക്കെതിരെ വനംവകുപ്പ് പൊലീസിൽ പരാതി നൽകി. മലപ്പുറം കരുവാരകുണ്ട് മണിക്കനാംപറമ്പിൽ ജെറിനാണ് ആർത്തല എസ്റ്റേറ്റിന് സമീപം കടുവയെ കണ്ടെന്ന രീതിയിൽ എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. പഴയ വീഡിയോ എഡിറ്റ് ചെയ്തു പുതിയതെന്ന നിലയിൽ പ്രചരിപ്പിച്ചതാണെന്ന് ജെറിനും വനം വകുപ്പുദ്യോഗസ്ഥരോട് സമ്മതിച്ചു.
ശനിയാഴ്ച രാത്രി 11 ന് ആർത്തല ചായത്തോട്ടത്തിനു സമീപത്തെ റബർത്തോട്ടത്തിൽ കടുവയെ കണ്ടെന്ന് യുവാവ് പറഞ്ഞതോടെ നാട്ടുകാർ പരിഭ്രാന്തരായിരുന്നു. തുടർന്ന് യുവാവ് പറഞ്ഞ സ്ഥലത്തെത്തി വനംവകുപ്പ് അധികൃതർ സിസിടിവി അടക്കം പരിശോധന നടത്തിയെങ്കിലും കടുവയുടെ കാൽപ്പാട് ഉൾപ്പടെ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് യുവാവിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് കള്ളത്തരം പുറത്താവുന്നത്.
പ്രചരിച്ച ദൃശ്യങ്ങൾ 3 വര്‍ഷം മുമ്പ് യൂട്യൂബിൽ വന്ന വീഡിയൊ ആണെന്ന് വനംവകുപ്പും കണ്ടെത്തി. യുവാവ് മാധ്യമങ്ങളോട് അടക്കം പറഞ്ഞത് കള്ളമാണെന്നും തെളിഞ്ഞു. തുടർന്ന് വനംവകുപ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു. നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാലിന്‍റെ നേതൃത്വത്തിൽ ജെറിനെ ചോദ്യം ചെയ്തു. ജനങ്ങളിൽ ഭീതിയുണ്ടാക്കാൻ ലക്ഷ്യം വെച്ച് തെറ്റായ ദ്യശ്യം പ്രചരിപ്പിച്ച യുവാവിനെതിരെ കേസ് എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.