
ചതിയെന്ന് ബോധ്യപ്പെട്ടു; നീറ്റ് പരീക്ഷ വ്യാജ ഹാൾ ടിക്കറ്റ് കേസിൽ വിദ്യാർഥിയെ പൊലീസ് വിട്ടയച്ചു
representative image
തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ വ്യാജ ഹാൾ ടിക്കറ്റുമായി ബന്ധപ്പെട്ട് പിടിയിലായ വിദ്യാർഥിയെ പൊലീസ് വിട്ടയച്ചു. തിരുവനന്തപുരം പരശുവയ്ക്കൽ സ്വദേശിയായ വിദ്യാർഥിയെയാണ് വിട്ടയച്ചത്.
വിദ്യാർഥിക്കു തട്ടിപ്പിൽ പങ്കില്ലെന്നും ചതിക്കപ്പെട്ടതാണെന്നും വ്യക്തമായതോടെയാണ് പൊലീസ് 20 വയസുകാരനെ വിട്ടയച്ചത്. വിദ്യാർഥി കുറ്റക്കാരനല്ലെന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. ഇതോടെ വിദ്യാർഥി ഈ കേസിൽ സാക്ഷിയാവുമെന്നാണ് വിവരം.
വെറ്ററിനറി ഡോക്റ്ററാവാൻ ആഗ്രഹിച്ചാണ് പരീക്ഷയ്ക്കെത്തിയതെന്നും, പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ലെന്നും വിട്ടയച്ചതിനു പിന്നാലെ വിദ്യാർഥി പറഞ്ഞു.
അക്ഷയ സെന്‍ററിലെ ജീവനക്കാരി ഗ്രീഷ്മയെയാണ് നീറ്റ് പരീക്ഷയ്ക്ക് അപേക്ഷ നൽകാൻ ചുമതലപ്പെടുത്തിയിരുന്നത്. ഇതു മറന്നു പോയ ഗ്രീഷ്മ വ്യാജ ഹാൾ ടിക്കറ്റ് തയാറാക്കി വാട്സാപ്പിൽ അയച്ചു കൊടുക്കുകയായിരുന്നു. തിരുവനന്തപുരത്തു നിന്ന് പത്തനംതിട്ട വരെ പരീക്ഷയെഴുതാൻ പോകില്ലെന്നാണു താൻ കരുതിയെന്നാണ് ഗ്രീഷ്മ പിന്നീട് വെളിപ്പെടുത്തിയത്.