സിവിൽ സപ്ലൈസ് സംഭരിച്ച നെല്ലിന്‍റെ പണം ലഭിച്ചില്ല; കർഷകർ സമരത്തിലേക്ക്

ഏതാണ്ട് 2500ഓളം മാത്രം കർഷകർക്കാണ് പണം കിട്ടിയിട്ടുള്ളത്
നെല്ല് - Representative Image
നെല്ല് - Representative Image

കോട്ടയം: സിവിൽ സപ്ലൈസ് സംഭരിച്ച നെല്ലിന്‍റെ പണം ഉടൻ കൊടുത്തു തീർക്കണമെന്നും, കർഷകരെ കടക്കണിയിലേക്ക് വലിച്ചെറിയരുതെന്നും ആവശ്യപ്പെട്ട് അപ്പർ കുട്ടനാട് കാർഷിക വികസന സമിതി ജനുവരി 10ന്‌ കോട്ടയം സപ്ലൈകോ ഓഫീസിന് മുന്നിൽ ധർണ നടത്തും. 2023ലെ വിരിപ്പ് കൃഷിയുടെ കൊയ്ത്തുമായി ബന്ധപ്പെട്ട് സപ്ലൈകോ കോട്ടയം ജില്ലയിൽ നിന്നും ഏതാണ്ട് ഏഴായിരത്തോളം കർഷകരിൽ നിന്നായി 2 ലക്ഷത്തിനും മേൽ ക്വിന്‍റൽ നെല്ലാണ് സംഭരിച്ചിരിക്കുന്നത്. അവസാന കണക്ക് സപ്ലൈകോയിൽ നിന്നും ലഭ്യമായിട്ടില്ല. ഇതിൽ എസ്.ബി.ഐയുമായി ബന്ധപ്പെട്ട് നവംബർ 29 വരെയും കനറാ ബാങ്കുമായി ബന്ധപ്പെട്ടുകൊണ്ട് ഡിസംബർ 8വരെയും മാത്രമാണ് പണം അനുവദിച്ച് കിട്ടിയിരിക്കുന്നതെ ന്ന് സംഘാടകർ പറഞ്ഞു.

ഏതാണ്ട് 2500ഓളം മാത്രം കർഷകർക്കാണ് പണം കിട്ടിയിട്ടുള്ളത്. ബാക്കിയുള്ള ആളുകളുടെ പണം ലഭ്യമായിട്ടില്ല. ഇത് ബാങ്കിൻറെ വിഷയമല്ല സിവിൽ സപ്ലൈസും ബാങ്കും ആയിട്ടുള്ള എഗ്രിമെന്‍റ് വെക്കാത്തത് മൂലമാണ് ഇന്ന് വിഷമം വന്നിരിക്കുന്നത്.

കഴിഞ്ഞ സീസണിലെ പ്രതിസന്ധിയുടെ സമയത്ത് തന്നെ അപ്പർ കുട്ടനാട് കാർഷിക വികസന സമിതി ഇടപെട്ട് ഇനി വരുന്ന സീസണുകളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ നടപടി കൈക്കൊള്ളണം എന്നും മറ്റുമായ നിർദേശങ്ങൾ കൊടുത്തിരുന്നതാണ്. സങ്കടകരമായ കാര്യം ഈ സീസണിലും അത് സംഭവിച്ചിരിക്കുന്നു എന്നതാണ് വസ്തുതയെന്ന് കാർഷിക വികസന സമിതി സംഘാടകർ പറഞ്ഞു.

സാമ്പത്തികമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന നെൽകൃഷി മേഖലയിൽ ഇങ്ങനെയുള്ള സംഭവവികാസങ്ങൾ ഉണ്ടാകുമ്പോൾ കൃഷിക്കാർ ഗുരുതരമായ കടക്കെണിയിൽ അകപ്പെടുകയാണ്. അത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുകയും ചെയ്യുന്നു. സമൂഹത്തിനാകെ ആവശ്യമായ ഭക്ഷ്യസുരക്ഷ പ്രദാനം ചെയ്യുന്ന കർഷകർ അതുപോലെ തന്നെ പരിസ്ഥിതിയെയും സംരക്ഷിക്കുന്നവരാണ്. ഈ പ്രാധാന്യങ്ങൾ കണക്കിലെടുത്തും ഏറ്റവും ദരിദ്രരായ കർഷകർ കണക്കണിയിൽ വീഴാതിരിക്കാനും സർക്കാർ ഉത്തരവാദിത്വം കാണിക്കണം. നാം സൃഷ്ടിക്കുന്ന നവ കേരളത്തിൽ ഏറ്റവും പ്രധാന പങ്ക് കാർഷിക മേഖലയ്ക്കും കർഷകർക്കും ഉണ്ടെന്നുള്ളത് മറന്നുപോകരുത്. കൊടുത്തു തീർക്കുവാനുള്ള തുക കൊടുത്തുതീർക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അപ്പർ കുട്ടനാട് കാർഷിക വികസന സമിതി സംഘാടകരായ സെക്രട്ടറി എം.കെ ദിലീപ്, കെ.ടി തോമസ്, എം.കെ ഗോപി, ജോസ് മേനോൻകരി, ജേക്കബ് തോമസ്, വി.ആർ സത്യൻ, സി.വി സാബു, ടോമി തുരുത്തുമാലിൽ, പി.എസ് ശശാങ്കൻ എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.