

ഫാത്തിമ തഹ്‌ലിയ
കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീ വിരുദ്ധ പരാമർശം വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. ഇപ്പോൾ അതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്ലിയ. കാന്തപുരം വലിയ പണ്ഡിതനാണെന്നും അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ല എന്നുമാണ് തഹ്ലിയ പറഞ്ഞത്.
'എന്നും സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ആളാണ് ഞാൻ. അതിനപ്പുറത്തേക്ക് പ്രത്യേകിച്ച് എന്താണ് പറയേണ്ടത്. സ്ത്രീ ശാക്തീകരണ വിഷയത്തില്‍ പഴയ നിലപാടില്‍ മാറ്റമില്ല. അതിന് വേണ്ടിയാണ് നിലകൊള്ളുന്നത്. കാന്തപുരത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതില്‍ യോജിപ്പില്ല' ഫാത്തിമ തഹ്ലിയ പറഞ്ഞു. കാന്തപുരത്തെ വിമർശിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നിലപാടിനേക്കുറിച്ച് പ്രതികരിക്കാൻ മുസ്ലീം ലീഗ് എംഎൽഎ തയാറായില്ല.
കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയിൽ പ്രതികരിക്കാതിരുന്ന ഫാത്തിമ തഹ്ലിയയുടെ നിലപാടിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം രംഗത്തുവന്നിരുന്നു. തന്റെ സുഹൃത്ത് കൂടിയായ ഫാത്തിമ തഹ്ലിയ ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞതായി തൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. സ്ത്രീകൾ സമൂഹത്തിൻ്റെ മുഖ്യധാരയിലേയ്ക്ക് വരണം. എങ്കിലേ പുരോഗതിയുണ്ടാകൂവെന്നും ചിന്ത ജെറോം പറഞ്ഞിരുന്നു.