

മുഖ‍്യമന്ത്രിയെ വധിക്കാൻ ആഹ്വാനം ചെയ്ത് ഫെയ്സ്ബുക്ക് കമന്‍റ്; കന‍്യാസ്ത്രീക്കെതിരേ ഡിജിപിക്ക് പരാതി
കൊച്ചി: മുഖ‍്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ആഹ്വാനം ചെയ്ത് ഫെയ്സ്ബുക്ക് കമന്‍റിട്ട കന‍്യാസ്ത്രീക്കെതിരേ ഡിജിപിക്ക് പരാതി നൽകി അഭിഭാഷകൻ. സുപ്രീം കോടതി അഭിഭാഷകനായ സുഭാഷ് തീക്കോടനാണ് കന‍്യാസ്ത്രീയായ ടീന ജോസിനെതിരേ പരാതി നൽകിയത്.
തദ്ദേശ തെരഞ്ഞെടുപ്പിനായി മുഖ‍്യമന്ത്രിയും ഇറങ്ങുന്നുവെന്ന് സെൽറ്റൻ എൽ ഡിസൂസ എന്നയാൾ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിനു താഴെയായിരുന്നു ടീന ജോസ് മുഖ‍്യമന്ത്രിയെ വധിക്കാൻ ആഹ്വാനം ചെയ്ത് കമന്‍റിട്ടത്.
'അന്നേരമെങ്കിലും ആരെങ്കിലും ബോംബെറിഞ്ഞു തീർത്തുകളയണം അവനെ. നല്ല മനുഷ‍്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും'. ഇതായിരുന്നു ഫെയ്സ്ബുക്ക് കമന്‍റ്. അതേസമയം, ടീന ജോസിനെ തള്ളി സിഎംസി സന‍്യാസി സമൂഹം രംഗത്തെത്തിയിരുന്നു.
2009ൽ ടീന ജോസിന്‍റെ അംഗത്വം റദ്ദാക്കിയതാണെന്നും സന‍്യാസ വസ്ത്രം ധരിക്കാൻ അനുവാദമില്ലാത്തയാളാണ് ടീനയെന്നും അവർ ചെയ്യുന്ന കാര‍്യങ്ങൾ പൂർമായും അവരുടെ ഉത്തരവാദിത്തത്തിലാണെന്നും സിഎംസി സമൂഹത്തിന് പങ്കില്ലെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.