

മാധവ് ഗാഡ്ഗിൽ: മലയാളികൾ കുഴിച്ചുമൂടാൻ ശ്രമിച്ച പ്രവാചകൻ
credit: metrovaartha
പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിന്‍റെ വിയോഗം ഇന്ത്യയുടെ ഹരിത മനഃസാക്ഷിയിൽ വലിയൊരു ശൂന്യതയാണ് സൃഷ്ടിക്കുന്നത്. സൈലന്‍റ് വാലി, അതിരപ്പിള്ളി സമരങ്ങൾ മുതൽ പശ്ചിമഘട്ടം റിപ്പോർട്ട് വരെ നീളുന്ന അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ കേരളത്തിൽ വലിയ അടയാളങ്ങൾ പതിപ്പിച്ചു. രാഷ്‌ട്രീയ- മത നേതൃത്വങ്ങൾ അദ്ദേഹത്തെ അങ്ങേയറ്റം ഭയപ്പെടുകയും വെറുക്കുകയും ചെയ്തപ്പോഴും ഈ മണ്ണിന്‍റെ യഥാർഥ സുഹൃത്തായിരുന്നു അദ്ദേഹം.
കേരളത്തിൽ ഏറ്റവും കൂടുതൽ ആക്ഷേപിക്കപ്പെടുകയും അതേസമയം ആദരിക്കപ്പെടുകയും ചെയ്ത വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു ഡോ. മാധവ് ഗാഡ്ഗിൽ. സൗകര്യപ്രദമായ സാഹചര്യങ്ങളിൽ ഉദ്ധരിക്കപ്പെടുകയും, തിരിച്ചടികളുണ്ടാകുമ്പോൾ ശപിക്കപ്പെടുകയും ചെയ്ത വാക്കുകളായിരുന്നു അദ്ദേഹത്തിന്‍റേത്. വൈകിയ വേളയിൽ മാത്രം അർഹമായ ആദരം കിട്ടിത്തുടങ്ങിയ വ്യക്തിത്വം.
വോട്ട് ബാങ്കുകളിൽ മുറുകെപ്പിടിച്ച രാഷ്‌ട്രീയ പാർട്ടികൾ പശ്ചിമഘട്ടത്തെക്കുറിച്ചുള്ള ഗാഡ്ഗിലിന്‍റെ മുന്നറിയിപ്പുകളിൽ പ്രകോപിതരാവുകയും, ആ റിപ്പോർട്ട് നിശബ്ദമായി കുഴിച്ചുമൂടുകയും ചെയ്തു. എന്നാൽ, ഓരോ പ്രളയവും ഓരോ ഉരുൾപൊട്ടലും കഴിയുമ്പോൾ ആ കുഴിച്ചുമൂടലിന്‍റെ വില കേരളം തിരിച്ചറിഞ്ഞുകൊണ്ടിരുന്നു. അദ്ദേഹത്തിന്‍റെ ദീർഘവീക്ഷണങ്ങൾ അവഗണിച്ചതിലൂടെ, തകരുന്ന മലനിരകൾക്കും അതിക്രമിച്ചു കയറുന്ന കടലിനുമിടയിൽ കുടുങ്ങിക്കിടക്കുന്ന ഈ ചെറിയ ഭൂപ്രദേശം ഇന്ന് നിരന്തരമായ പ്രകൃതി ദുരന്തങ്ങളുടെ വിളനിലമായി മാറിയിരിക്കുന്നു.
2018ലെ പ്രളയത്തിനു ശേഷം കൊച്ചിയിലെത്തിയ ഗാഡ്ഗിൽ, ഔദ്യോഗിക വിശദീകരണങ്ങളെയെല്ലാം പാടേ തള്ളിപ്പറഞ്ഞു. കേരളം മുങ്ങിയത് മഴ കാരണമല്ല, മനുഷ്യന്‍റെ വിഡ്ഢിത്തങ്ങൾ കാരണമാണെന്ന് അദ്ദേഹം തുറന്നടിച്ചു. അധികാരികൾ ജനങ്ങളോട് മാപ്പ് പറയേണ്ടതിനു പകരം, തങ്ങളുടെ അശ്രദ്ധയെ ന്യായീകരിക്കുകയും ആകാശത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന ധാർഷ്ട്യമാണ് കാട്ടിയത്. ഗാഡ്ഗിൽ റിപ്പോർട്ട് അടുത്തറിയുന്നവർക്ക് സത്യമറിയാമായിരുന്നു: ഉദ്യോഗസ്ഥ ഒത്താശയോടെ മലനിരകളിൽ നടന്ന വ്യാപകമായ ഖനനം, നിയമങ്ങൾ ലഘൂകരിച്ചും ഭൂമി കൈയേറ്റക്കാർക്ക് മൗനാനുവാദം നൽകിയും നികത്തിയെടുത്ത തണ്ണീർത്തടങ്ങൾ, പ്രളയത്തിന്‍റെ അത്യുന്നതിയിൽ ഏകോപനമില്ലാതെ തുറന്നുവിട്ട ഡാമുകൾ. ഗാഡ്ഗിൽ പറഞ്ഞതുപോലെ, ഈ പ്രളയം പ്രകൃതിദത്തമായിരുന്നില്ല, മറിച്ച് മനുഷ്യൻ നിർമിതം തന്നെയായിരുന്നു.
അന്ന് ആ സ്വകാര്യ സംഭാഷണത്തിൽ മറ്റൊരാൾ കൂടി ഉൾപ്പെട്ടിരുന്നു- അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി. തോമസ്. ഗാഡ്ഗിൽ റിപ്പോർട്ടിനെ പിന്തുണച്ചതിന്‍റെ പേരിൽ സ്വന്തം പാർട്ടിയിൽ നിന്നും ഇടത്-വലത് മുന്നണികളിൽ നിന്നും അദ്ദേഹത്തിനു കടുത്ത എതിർപ്പ് നേരിടേണ്ടി വന്നിരുന്നു. കുടിയേറ്റ കർഷകരെയും മലയോര കൃഷിയിടങ്ങളെയും സംരക്ഷിക്കാനെന്ന പേരിൽ ക്രൈസ്തവ സഭയും ആ റിപ്പോർട്ടിനെ എതിർത്തു. റിപ്പോർട്ട് വായിച്ചു നോക്കിയിട്ടല്ല അവർ ഇതു ചെയ്തത്. റിപ്പോർട്ട് തികച്ചും ജനപക്ഷമായിരുന്നിട്ടും, പരിസ്ഥിതിക്കും യുക്തിക്കും മുകളിൽ തങ്ങളുടെ സൗകര്യങ്ങൾക്കാണ് അവർ മുൻഗണന നൽകിയത്.
1970കളിൽ സൈലന്‍റ് വാലി ജലവൈദ്യുത പദ്ധതിക്കെതിരായ പ്രതിഷേധങ്ങളിലൂടെയാണ് ഗാഡ്ഗിലിനു കേരളവുമായുള്ള ബന്ധം ആരംഭിക്കുന്നത്. കവികളും എഴുത്തുകാരും പരിസ്ഥിതി പ്രവർത്തകരും ശാസ്ത്രജ്ഞരും അണിനിരന്ന ആ സമരത്തിൽ ഗാഡ്ഗിലും സജീവമായിരുന്നു. ഒരു വനം സംരക്ഷിക്കപ്പെടാൻ മാത്രമല്ല, പരിസ്ഥിതി ബോധം വരേണ്യ വർഗത്തിന്‍റെ ചർച്ചകളിൽ നിന്ന് സാധാരണക്കാരിലേക്കും പടരാൻ ആ സമരത്തിന്‍റെ വിജയം കാരണമായി. അതോടെ മാധവ് ഗാഡ്ഗിൽ എന്ന പേര് സാധാരണക്കാർക്കും പരിചിതമായി.
2010ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരാണ് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി അധ്യക്ഷനായി മാധവ് ഗാഡ്ഗിലിനെ നിയമിച്ചത്. അന്ന് പരിസ്ഥിതി- വനം മന്ത്രിയായിരുന്ന ജയറാം രമേശിന്‍റെ നിലപാടാണ് ഇത്തരമൊരു സമിതിക്കും ഗാഡ്ഗിലിന്‍റെ നിയമനത്തിനും വഴിയൊരുക്കിയത്. ജയറാം രമേശ് അദ്ദേഹത്തിനു നൽകിയ ആദരം ഇങ്ങനെയായിരുന്നു: ""രാഷ്‌ട്ര ശിൽപ്പികൾ പല രൂപത്തിലും ഭാവത്തിലും വരാം. മാധവ് ഗാഡ്ഗിൽ തീർച്ചയായും അവരിലൊരാളായിരുന്നു. എല്ലാറ്റിനുമുപരി ഒരു യഥാർഥ പണ്ഡിതന്‍റെ ലക്ഷണങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു; ശാന്തനും വിനീതനുമായിരുന്ന അദ്ദേഹത്തിന്‍റെ ഉള്ളിൽ അറിവിന്‍റെ വലിയൊരു കടൽ തന്നെയുണ്ടായിരുന്നു.''
വ്യാജ പ്രചാരണങ്ങളുടെ അടിസ്ഥാനത്തിൽ സഭയും രാഷ്‌ട്രീയ പാർട്ടികളും ഗാഡ്ഗിൽ റിപ്പോർട്ടിനെതിരേ രംഗത്തുവന്നപ്പോൾ കേന്ദ്ര സർക്കാർ വഴങ്ങി. റിപ്പോർട്ടിന്‍റെ വീര്യം കുറയ്ക്കാൻ കസ്തൂരിരംഗന്‍റെ നേതൃത്വത്തിൽ മറ്റൊരു സമിതിയെ നിയോഗിച്ചു. ഗാഡ്ഗിലിന്‍റെ യഥാർഥ കാഴ്ചപ്പാടുകളുടെ മങ്ങിയ നിഴൽ മാത്രമായിരുന്ന ആ റിപ്പോർട്ട് പോലും പക്ഷേ കേരളത്തിൽ നടപ്പാക്കിയില്ല. അപ്പോഴേക്കും, ജനിതക മാറ്റം വരുത്തിയ ബിടി വഴുതനയ്ക്കെതിരെ ശക്തമായ നിലപാടെടുത്ത ജയറാം രമേശ് പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് പുറത്താവുകയും ചെയ്തിരുന്നു.
പശ്ചിമഘട്ടത്തിലുടനീളം കാൽനടയായി സഞ്ചരിച്ച പരിസ്ഥിതി ശാസ്ത്രജ്ഞനും ഗവേഷകനുമായിരുന്നു മാധവ് ഗാഡ്ഗിൽ. വികസന കാര്യങ്ങൾ തീരുമാനിക്കേണ്ടത് ദൂരെയുള്ള ഉദ്യോഗസ്ഥരല്ല, മറിച്ച് തദ്ദേശ ഗ്രാമസഭകളാണെന്ന് ഉറച്ചുവിശ്വസിച്ച ജനാധിപത്യവാദിയായിരുന്നു അദ്ദേഹം. 80കളുടെ മധ്യത്തിൽ, ബസ്തർ വനങ്ങളുടെ സംരക്ഷണത്തിനായി അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായി. പുറമെ, ബൊട്ടാണിക്കൽ സർവെ ഓഫ് ഇന്ത്യ, സുവോളജിക്കൽ സർവെ ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങൾക്ക് പരിസ്ഥിതിപരമായ ഒരു ജനാധിപത്യ സ്വഭാവം നൽകുന്നതിലും അദ്ദേഹം വലിയ പങ്ക് വഹിച്ചു.
ഇതിനെല്ലാം പുറമെ, 72ലെ വന്യജീവി സംരക്ഷണ നിയമം റദ്ദാക്കണമെന്ന അദ്ദേഹത്തിന്‍റെ നിലപാടും, ശല്യക്കാരായ മൃഗങ്ങളെ കൊല്ലുന്നതിനും അവയുടെ ഇറച്ചി ഭക്ഷിക്കുന്നതിനും അദ്ദേഹം നൽകിയ പിന്തുണയും വന്യമൃഗങ്ങളെ കൊല്ലുന്നതിനായുള്ള കേരളത്തിന്‍റെ ബില്ലിന് വലിയൊരു ധാർമിക പിൻബലം നൽകുമായിരുന്നു.
തോൽപ്പിക്കപ്പെട്ട സൈലന്‍റ് വാലി പദ്ധതി പോലെ തന്നെ, അതിരപ്പിള്ളി സമരത്തിലും ഗാഡ്ഗിലിന്‍റെ കൈയൊപ്പുണ്ടായിരുന്നു. അതിരപ്പിള്ളി സമരകാലത്ത് അദ്ദേഹം നൽകിയ ഉപദേശങ്ങൾ കേരളത്തിനു വിലപ്പെട്ടതായിരുന്നു. 2006ലെ വനാവകാശ നിയമത്തെ ആയുധമാക്കി പ്രതിരോധം തീർക്കാൻ അദ്ദേഹം ഗോത്രസമൂഹങ്ങളെ പ്രേരിപ്പിച്ചു. ആ തന്ത്രം വിജയിച്ചു. സമരത്തിന്‍റെ മുൻനിരയിലുണ്ടായിരുന്ന ഒരു ഗോത്ര വനിത പിന്നീട് പറഞ്ഞത്, ഗാഡ്ഗിലിന്‍റെ ഉപദേശപ്രകാരം വനാവകാശ നിയമം നടപ്പാക്കിയത് "സ്വാതന്ത്ര്യം ലഭിച്ചതിനു തുല്യമായിരുന്നു' എന്നാണ്.