
തിരുനവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് എൽഡിഎഫിന്‍റെ അന്തിമ തീരുമാനം ഇന്ന്. മന്ത്രിമാരുടെ കേരള പര്യടനത്തിന് ശേഷം മതിയോ എന്നടക്കം വൈകിട്ട് ചേരുന്ന മുന്നണി യോഗത്തിൽ ചർച്ചയാകും.
രണ്ടാം പിണറായി സർക്കാരിന്‍റെ മന്ത്രിസഭാ രൂപീകരണ സമയത്തുണ്ടായ ധാരണപ്രകാരം നവംബർ 25 നകമാണ് മന്ത്രിസഭ പുനഃസംഘടന നടക്കേണ്ടത്. ഈ മാസം 18 നാണ് നവകേരളാ സദസ് ആരംഭിക്കുന്നത്. ഇതിന് മുമ്പേ പുനഃസംഘടന വേണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് ബി മുന്നണി നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ട്.
നിലവിലെ ഗതാഗത മന്ത്രി ആന്‍റണി രാജുവും, തുറമുഖമന്ത്രി അഹമ്മദ് ദേവർ കോവിലും മാറി, കെ.ബി ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകേണ്ടതുണ്ട്. അതേസമയം, ഭരണത്തിന്‍റെ വിലയിരുത്തലിൽ എല്ലാ മന്ത്രിമാരും പരിപാടിയിൽ വേണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഇത് ഇന്ന് നടക്കുന്ന യോഗത്തിൽ പരിഗണിക്കാമെന്നാണ് നേതൃത്വം കേരളകോൺഗ്രസ് ബിയെ അറിയിച്ചത്. ആ നിലപാടിന് മുൻതൂക്കം ലഭിച്ചാൽ പുനഃസംഘടന വനകേരള സദസിന് ശേഷം മാത്രമേ ഉണ്ടാകും.