മാസപ്പടി വിവാദം: മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്

മുഖ്യമന്ത്രി അടക്കമുള്ളവരെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേർത്തു
Pinarayi Vijayan | Veena vijayan
Pinarayi Vijayan | Veena vijayan
Updated on

തിരുവനന്തപുരം: കരിമണൽ കമ്പനിയിൽ നിന്നും 3 വർഷത്തിനിടെ മാസപ്പടിയായി 1.75 കോടി പണം വാങ്ങിയതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. എതിർകക്ഷികളെ കേൾക്കാതെ തീരുമാനം എടുക്കാനാവില്ലെന്നും കോടതി അറിയിച്ചു.

വിവിധ രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെ 12 പേർക്കാണ് നോട്ടീസ് അയക്കുക. മുഖ്യമന്ത്രി അടക്കമുള്ളവരെ ഹൈക്കോടതി സ്വമേധയ കക്ഷി ചേർക്കുകയായിരുന്നു. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് ഇപ്പോൾ ജസ്റ്റിസ് കെ.ബാബുവിന്‍റെ വിധി.

വിജിലൻസ് കോടതിയുടെ ഉത്തരവ് തെറ്റാണെന്ന് അമിക്കസ് ക്യൂറി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസിൽ തെളിവില്ലെന്ന വിജിലൻസ് കോടതി കണ്ടെത്തൽ പ്രഥമദൃഷ്ട്യാ ശരിയല്ലെന്നും, രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയെന്നതിന് സാക്ഷിമൊഴികൾ ഉള്ള സാഹചര്യത്തിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാമായിരുന്നുവെന്നുമാണ് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്.

കരിമണൽ കമ്പനിയിൽ നിന്നും പണം കൈപ്പറ്റിയതിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവരടക്കമുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം. ഹർജിക്കാരനായ ഗിരീഷ് ബാബുവിന്റെ മരണത്തെ തുടർന്നാണ് കേസിൽ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com