മാസപ്പടി: കുഴൽനാടന് ധനവകുപ്പിന്‍റെ മറുപടി

മുഖ്യമന്ത്രിയുടെ മകൾ സിഎംആർഎല്ലിൽനിന്നു കൈപ്പറ്റിയ 1.72 കോടി രൂപയ്ക്ക് നികുതിയടച്ചു
Mathew Kuzhalnadan, MLA
Mathew Kuzhalnadan, MLA

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോളിളക്കമുണ്ടാക്കിയ മാസപ്പടി വിവാദത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് ധനവകുപ്പിന്‍റെ മറുപടി. മുഖ്യമന്ത്രിയുടെ മകൾ ടി.വീണയുടെ കമ്പനി എക്സാലോജിക്‌ കരിമണൽ കമ്പനി സിഎംആര്‍എല്ലില്‍ നിന്നു കൈപ്പറ്റിയ പണത്തിനു നികുതി അടച്ചുവെന്നു സ്ഥിരീകരിച്ചാണു ധനവകുപ്പ് മറുപടി നൽകിയിരിക്കുന്നത്.

സിഎംആർഎല്ലിൽ നിന്നു കൈപ്പറ്റിയ 1.72 കോടി രൂപയ്ക്കാണ് ഐജിഎസ്ടി അടച്ചത്. വീണ നികുതി അടച്ചതായി ജിഎസ്ടി കമ്മിഷണർ ധനമന്ത്രിക്ക് റിപ്പോർട്ട് നൽകി. റിപ്പോർട്ട് ലഭിച്ച വിവരം ധനവകുപ്പ് സ്ഥിരീകരിച്ചതിന് പിന്നാലെയാണു മാത്യു കുഴൽനാടനു മറുപടി നൽകിയിരിക്കുന്നത്. എന്നാൽ, നികുതി അടച്ചതിന്‍റെ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല. നികുതിയടക്കേണ്ടത് കേരളത്തിനു പുറത്താണെന്നും വീണ നികുതി അടച്ചിട്ടുണ്ടെന്നുമായിരുന്നു വിവാദങ്ങൾ ഉയർന്ന ഘട്ടത്തിൽ സിപിഎം മുന്നോട്ടുവച്ച വാദം. ഇതു സ്ഥിരീകരിക്കുന്ന മറുപടിയാണു ധനവകുപ്പിൽ നിന്നും ലഭിച്ചിരിക്കുന്നത്.

വീണയുടെ കമ്പനി ബംഗളുരുവിലായിരുന്നതിനാൽ കേരളത്തിൽ നികുതിയടക്കേണ്ടതില്ലെന്നും മാത്യു കുഴൽ നാടൻ എംഎൽഎയുടെ പരാതിയിലാണു പരിശോധന നടത്തിയതെന്നുമാണു സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്. സംസ്ഥാന ധനവകുപ്പ് ഉദ്യോഗസ്ഥർ ഓൺലൈനായി നടത്തിയ പരിശോധനയിൽ വീണയുടെ കമ്പനി നികുതി അടച്ചിട്ടുണ്ടെന്നാണു ധനവകുപ്പിന്‍റെ റിപ്പോർട്ട്.

എക്സലോജിക്, സിഎംആർഎല്ലിൽ നിന്നു പണം കൈപ്പറ്റിയെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ വീണ അനധികൃതമായാണു പണം കൈപ്പറ്റിയതെന്നും മാസപ്പടിയാണിതെന്നും ആരോപണം ഉയർന്നിരുന്നു. നിയമസഭയിലടക്കം മാത്യു കുഴൽനാടൻ വിഷയം ഉന്നയിക്കുകയും ധനവകുപ്പിനും സംസ്ഥാന വിജിലൻസിനും പരാതി നൽകുകയും ചെയ്തു. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷന്‍സ് എന്ന ഐടി കമ്പനി, നൽകാത്ത സേവനത്തിനാണ് സിഎംആർഎല്ലിൽനിന്നു പണം കൈപ്പറ്റിയതെന്നാണ് ആരോപണം. വീണ കൃത്യമായി നികുതി അടച്ചിട്ടില്ലെന്നും 30 ലക്ഷത്തോളം രൂപ നികുതി അടയ്ക്കേണ്ട സ്ഥാനത്ത് 6 ലക്ഷം രൂപ മാത്രമാണ് അടച്ചതെന്നും മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടി.

പലയാവർത്തി ആവശ്യപ്പട്ടിട്ടും ധനവകുപ്പ് ഇതു സംബന്ധിച്ച് മറുപടി നൽകുന്നില്ലെന്നും വീണ നികുതി അടച്ചിട്ടുണ്ടെങ്കിൽ മാപ്പു പറയാമെന്നുമായിരുന്നു കുഴൽനാടന്‍റെ നിലപാട്. എന്നാൽ, വീണ ജിഎസ്ടി അടച്ചുവെന്നു സ്ഥിരീകരിച്ചതോടെ അനധികൃതമായാണു പണം കൈപ്പറ്റിയതെന്ന ആരോപണം അവസാനിക്കും. എന്നാൽ, എപ്പോഴാണ് ജിഎസ്ടി അടച്ചതെന്നു പരിശോധിച്ച ശേഷം മറുപടി നൽകാമെന്നതാണു മാത്യു കുഴൽനാടന്‍റെ വാദം.

നേരത്തെ വിവരാവകാശ നിയമപ്രകാരം മുഖ്യമന്ത്രിയുടെ മകള്‍ നികുതി അടച്ചോ എന്നതിന്‍റെ രേഖകള്‍ നല്‍കാനാകില്ലെന്നു ജിഎസ്ടി വകുപ്പ് അറിയിച്ചതു വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. വ്യക്തിയുടെ സ്വകാര്യത മാനിച്ച് രേഖകള്‍ നല്‍കാനാകില്ലെന്ന മറുപടിയാണു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു ജിഎസ്ടി വകുപ്പ് നല്‍കിയത്. കേരള സ്വതന്ത്ര തൊഴിലാളി യൂണിയൻ നേതാവായ സെബാസ്റ്റ്യൻ പാലത്തറയാണു വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്.

എന്നാൽ, വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 8(1) (ഇ) പ്രകാരം വ്യക്തികളുടെ സ്വകാര്യതയെ മാനിക്കുന്ന വിവരങ്ങള്‍ കൈമാറാനാകില്ലെന്നാണു ജിഎസ്ടി വകുപ്പ് പറഞ്ഞിരുന്നത്. എന്നാൽ, മാത്യു കുഴൽനാടൻ എംഎൽഎ ധനവകുപ്പിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു വിവരം പരിശോധിച്ച് ഇന്നലെ ജോ. സെക്രട്ടറി കെ. മനോജ് മറുപടി നൽകിയിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com