

മുഹമ്മദ് ഷർഷാദ്
ചെന്നൈ: സാമ്പത്തിക തട്ടിപ്പ് കേസിൽ വ്യവസായി മുഹമ്മദ് ഷർഷാദ് അറസ്റ്റിൽ. കൊച്ചി സൗത്ത് പൊലീസ് ചെന്നൈയിലെത്തിയാണ് മുഹമ്മദ് ഷർഷാദിനെ അറസ്റ്റു ചെയ്തത്. ഷർഷാദ് ഡയറക്‌ടറായ കമ്പനിയിൽ ലാഭവിഹിതവും ഓഹരിപങ്കാളിത്തവും വാഗാദാനം ചെയ്ത് 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന കൊച്ചി സ്വദേശിയുടെ പരാതിയിലാണ് പൊലീസ് നടപടി.
ഷർഷാദിന് പുറമേ കമ്പനി സിഇഒയായ തമിഴ്നാട് സ്വദേശിയും കേസിൽ പ്രതിയാണ്. രാത്രിയോടെ ഷർഷാദിനെ കൊച്ചിയിലെത്തിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മകനുമെതിരേ ആരോപണമുന്നയിച്ച ആളാണ് മുഹമ്മദ് ഷർഷാദ്. ഇത് സംബന്ധിച്ച് ഷർഷാദ് പിബിക്കയച്ച കത്ത് വിവാദമായിരുന്നു.
യുകെ വ്യവസായി രാജേഷ് കൃഷ്ണയും സിപിഎമ്മിലെ ഉന്നത നേതാക്കളും തമ്മിൽ അനധികൃത ഇടപാടുകൾ നടത്തിയെന്നാരോപിച്ചായിരുന്നു ഷർഷാദ് പൊളിറ്റ് ബ്യൂറോയ്ക്ക് കത്ത് നൽകിയത്. ആരോപണങ്ങൾക്ക് പിന്നാലെ എം.വി. ഗോവിന്ദനും തോമസ് ഐസക്കുമുൾപ്പെടെ ഷർഷാദിനെതിരേ വക്കീൽ നോട്ടീസ് അയച്ചിരുന്നു.
