സാമ്പത്തിക തട്ടിപ്പ് കേസ്: ഇഡി കണ്ടുകെട്ടിയ പണം പരാതിക്കാർക്ക് തിരികെ നൽകും

ഏഴോളം സാമ്പത്തിക തട്ടിപ്പ് കേസുകളിലെ പരാതികാര്‍ക്ക് പണം തിരികെ നല്‍കുന്നതിനുള്ള നടപടിയാണ് സ്വീകരിക്കുന്നത്.
Financial fraud case: Money seized by ED will be returned to complainants
എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്
Updated on

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസുകളിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) കണ്ടുകെട്ടിയ പണം പരാതിക്കാർക്ക് തിരികെ നൽകുന്നതിനുളള നടപടികൾ പൂർത്തിയാക്കുകയാണെന്ന് ഇഡി ഡെപ്യൂട്ടി ഡയറക്‌ടർ ബി. രാധകൃഷ്ണൻ.

കാരക്കോണം മെഡിക്കല്‍ കോളെജ് സീറ്റ് തട്ടിപ്പ്, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് തുടങ്ങി ഏഴോളം സാമ്പത്തിക തട്ടിപ്പ് കേസുകളിലെ പരാതികാര്‍ക്ക് പണം തിരികെ നല്‍കുന്നതിനുള്ള നടപടിയാണ് സ്വീകരിക്കുന്നത്.

കാരക്കോണം മെഡിക്കൽ കോളെജിലെ സീറ്റ് തട്ടിപ്പ് കേസിൽ പിടിച്ചെടുത്ത പണം എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് പരാതിക്കാർക്ക് തിരിച്ചു നൽകി. വെള്ളറട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടത്തിയത്. മെഡിക്കൽ കോളെജ് ഡയറക്‌ടർ ഡോ. ബെന്നറ്റ് എബ്രഹാം ഉൾപ്പടെ ആറ് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

കരുവന്നൂർ കേസിൽ ഇഡി പിടിച്ചെടുത്ത 128 കോടിയോളം വരുന്ന തുക ബാങ്കിനെ തിരികെ ഏൽപ്പിക്കും. ഇതിനായി ബാങ്കിനെ ഇഡി ബന്ധപെട്ടിട്ടുണ്ട്. എന്നാൽ ബാങ്കിന്‍റെ ഭാഗത്ത് നിന്നും ആവശ്യമായ സഹകരണം ലഭിക്കുന്നില്ലെന്ന് ഡെപ്യൂട്ടി ഡയറക്‌ടർ രാധാകൃഷ്‌ണൻ പറഞ്ഞു.

ബാങ്കിന്‍റെ കൈവശമാണ് ഇടപാടുകാരുടെ വിവരങ്ങൾ ഉള്ളത്. ഈ കാര്യം കോടതിയെ അറിയിച്ചിട്ടുണ്ട്. പിടിച്ചെടുത്ത പണം ബാങ്കിന് തിരിച്ച് നൽകിയാൽ പരാതിക്കാർക്ക് ബാങ്കിനെ സമീപിച്ച് പണം സ്വീകരിക്കാൻ കഴിയും. കഴിഞ്ഞ മൂന്ന് മാസമായി കരുവന്നൂർ ബാങ്കിനെ ബന്ധപ്പെടുന്നുണ്ടെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് നീട്ടി കൊണ്ടുപോവുകയാണെന്നും ഡെപ്യൂട്ടി ഡയറക്‌ടർ പറഞ്ഞു.

കരുവന്നൂർ ബാങ്ക് കേസിൽ രണ്ടാം ഘട്ട കുറ്റപത്രം ഉടന്‍ സമർപ്പിക്കും. മുൻ മന്ത്രി എ.സി. മൊയ്‌തീൻ ഉൾപ്പടെ പ്രതിസ്ഥാനത്ത് ഉണ്ടാകുമോയെന്ന് ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും ഡെപ്യൂട്ടി ഡയറക്‌ടർ വ്യക്തമാക്കി. പണം നഷ്ട്ടമായവർക്ക് പണം തിരികെ ലഭ്യമാക്കാൻ കണ്ടല ബാങ്ക് തന്നെ കോടതിയെ സമീപിച്ചിരുന്നു. കോടതി പറയുന്നതിനനുസരിച്ച് പണം നഷ്ട്ടമായവർക്ക് പണം തിരികെ ലഭിക്കാനുള്ള നടപടി സ്വീകരിക്കും.

എന്നാൽ കൊടകര കള്ളപ്പണ കേസിൽ ഇഡി ഉടൻ കുറ്റപത്രം സമർപ്പിക്കും. പ്രതികളുടെ സ്വത്ത്‌ കണ്ടുകെട്ടാൻ നടപടി തുടങ്ങിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com