
പുലികളി സംഘങ്ങൾക്ക് ധനസഹായം; സർക്കാർ ഉത്തരവായി
തൃശൂർ: പുലികളി സംഘങ്ങൾക്ക് ധനസഹായം അനുവദിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവ്. തൃശൂർ ജില്ലയിലെ 8 പുലികളി സംഘങ്ങൾക്കാണ് ധനസഹായം അനുവദിക്കാൻ ഉത്തരവായത്. ഓരോ സംഘത്തിനും 50,000 രൂപ വീതം അനുവദിക്കും.
ഇതു സംബന്ധിച്ച് ടൂറിസം ഡയറക്റ്റർക്ക് അനുമതി നൽകിയിട്ടുണ്ട്. തൃശൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ചെയർമാൻ, ജില്ലാ കലക്റ്റർ എന്നിവരാണ് പുലികളി സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായുള്ള അപേക്ഷ സർക്കാരിന് നൽകിയത്.
അതേസമയം, പാരമ്പര‍്യ കലാരൂപമായ പുലികളിയുടെ ക്രെഡിറ്റ് തൃശൂരിന് അവകാശപ്പെട്ടതാണെന്നും ആയിരക്കണക്കിന് വിനോദസഞ്ചാരികളെ പുലികളി ആകർഷിക്കുമെന്നും ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.