കോഴിക്കോട് വർക്ക്‌ഷോപ്പിൽ തീപിടിത്തം; 13 ബൈക്കുകൾ കത്തിനശിച്ചു, 20 ലക്ഷത്തിന്‍റെ നാശനഷ്ടം

ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്
Representative image

പ്രതീകാത്മക ചിത്രം

Updated on: 

കോഴിക്കോട്: ജില്ലയിലെ പെരിങ്ങളത്തെ വർക്ക്‌ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ 13 മോട്ടോർസൈക്കിളുകളും സ്പെയർ പാർട്സുകളും കത്തിനശിച്ചു. ഏകദേശം 20 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെയോടെയാണ് സംഭവം.

തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാരെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിൽ നിന്ന് ഒരു യൂണിറ്റ് ആദ്യം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തുടർന്ന് മുക്കം, മാവൂർ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് യൂണിറ്റുകൾ കൂടി എത്തി. ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

സമീപത്തെ ഹോട്ടലിലേക്കും ഫർണിച്ചർ കടയിലേക്കും തീ പടരുന്നത് തടയാൻ സാധിച്ചതിനാൽ കൂടുതൽ നാശനഷ്ടം ഒഴിവായതായി അധികൃതർ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.