
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളെജിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ ഗോഡൗണിൽ തീപിടുത്തം. ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന മുറികളിലാണ് തീപിടുത്തമുണ്ടായത്. മരുന്നുകൾ സൂക്ഷിച്ചിരുന്ന മുറികളിലേക്ക് തീപടരുന്നതിനു മുമ്പ് അണച്ചു. പുലർച്ചെ ഒന്നരയോടെയാണ് തീപിടുത്തമുണ്ടായത്. തീപടർന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ പൂർണമായും നിയന്ത്രണവിധേയമാക്കി. 30000 കിലോഗ്രാം ബ്ലീച്ചിങ് പൗഡർ നശിച്ചതെന്നാണ് നിഗമനം.
രണ്ടാഴ്ചയ്ക്കിടെ കെഎംഎസ്സിഎലിന്‍റെ മൂന്നാമത്തെ ഗോഡൗണിലാണ് തീപിടിക്കുന്നത്. നേരത്തെ കൊല്ലം ഉളിയക്കോവിലിലും തിരുവനന്തപുരം തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ കെട്ടിടത്തിലും തീപിടിച്ചിരുന്നു. തിരുവനന്തപുരത്തെ രക്ഷാപ്രവർത്തനത്തിനിടെ ഫയർമാന്‍റെ ജീവനും നഷ്ടമായിരുന്നു.
തിരുവനന്തപുരത്തെ തീപിടുത്തത്തിന് പിന്നാലെ അഗ്നിരക്ഷാ സേന ആലപ്പുഴയിലും പരിശോധന നടത്തിയിരുന്നു. സുരക്ഷാ പ്രശ്നങ്ങളില്ല എന്നായിരുന്നു വിലയിരുത്തൽ.