ട്രെയ്നിലെ തീവെപ്പ്: പാളത്തിനടുത്ത് നിന്നു ബാഗ് കണ്ടെത്തി: അക്രമിക്കായി തെരച്ചിൽ തുടരുന്നു

മൃതദേഹങ്ങൾ കണ്ടെത്തിയതിനു സമീപത്തു നിന്നാണു ബാഗും കണ്ടെത്തിയിരിക്കുന്നത്
ട്രെയ്നിലെ തീവെപ്പ്: പാളത്തിനടുത്ത് നിന്നു ബാഗ് കണ്ടെത്തി: അക്രമിക്കായി തെരച്ചിൽ തുടരുന്നു

കോഴിക്കോട്: എലത്തൂരിൽ ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസിൽ ട്രെയ്നിൽ തീവെച്ച ആക്രമിയുടേതെന്നു സംശയിക്കുന്ന ബാഗ് കണ്ടെത്തി. ട്രാക്കിനു സമീപത്തു നിന്നാണു ബാഗ് കണ്ടെത്തിയത്. ബാഗിനുള്ളിൽ ഒരു കുപ്പി പെട്രോളും മൊബൈൽ ഫോണും ചില കുറിപ്പുകളുമുണ്ട്. ബാഗ് ഫോറൻസിക് സംഘം പരിശോധിക്കുകയാണ്. നേരത്തെ മൃതദേഹങ്ങൾ കണ്ടെത്തിയതിനു സമീപത്തു നിന്നാണു ബാഗും കണ്ടെത്തിയിരിക്കുന്നത്.

ബാഗിനുള്ളിൽ നിന്നും വസ്ത്രം, കണ്ണട, സ്ഥലപ്പേരുകൾ എഴുതിയ നോട്ട്പാഡ് തുടങ്ങിയവയുമുണ്ട്. മൊബൈൽ ഫോണിൽ നിന്നും അക്രമിയിലേക്ക് എത്തുന്നതിനുള്ള നിർണായക തെളിവുകൾ ലഭിക്കുമെന്നാണു പൊലീസിന്‍റെ പ്രതീക്ഷ.

അതേസമയം ട്രെയ്നിനു തീവെച്ചയാൾക്കു വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി. ചെയിൻ വലിച്ചു ട്രെയ്ൻ നിർത്തിയതിനു ശേഷം ഇയാൾ ഒരു ബൈക്കിൽ കയറി പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതുപ്രകാരമുള്ള അന്വേഷണങ്ങളും തുടരുകയാണ്. പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. ട്രെയ്നിലെ യാത്രക്കാരിൽ നിന്നും ലഭിച്ച സൂചനകൾ അനുസരിച്ചുള്ള അന്വേഷണവും തുടരുന്നു.

ഇന്നലെ രാത്രി പത്തു മണിയോടെയാണ് എലത്തൂരിൽ വച്ചു എക്സിക്യുട്ടിവ് എക്സ്പ്രസിൽ യാത്രക്കാരുടെ ദേഹത്തേക്കു പെട്രോൾ ഒഴിച്ചശേഷം അക്രമി തീയിട്ടത്. ഡി 1 കോച്ചിലായിരുന്നു അക്രമം. മട്ടന്നൂർ സ്വദേശി റഹ്മത്ത്, റഹ്മത്തിന്‍റെ സഹോദരിയുടെ മകൾ രണ്ടര വയസുകാരി സുഹറ, നൗഫീഖ് എന്നിവരുടെ മൃതദേഹങ്ങൾ രാത്രി വൈകി ട്രാക്കിൽ നിന്നും കണ്ടെത്തി. അക്രമണമുണ്ടായപ്പോൾ പരിഭ്രാന്തരായി ഇവർ ചാടിയതാകാം എന്നാണു കരുതുന്നത്. സംഭവത്തിൽ ഒമ്പതോളം പേർക്കു പൊള്ളലേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. സാരമായി പൊള്ളലേറ്റ രണ്ടു പേർ അപകടനില തരണം ചെയ്തിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com