
തൃശൂര്‍: വടക്കാഞ്ചേരി കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയില്‍ സ്ഫോടനം. തൃശൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടെ ഉത്സവങ്ങള്‍ക്ക് വേണ്ടി വെടിക്കോപ്പുകൾ ഉണ്ടാക്കുന്ന പുരയിലാണ് അപകടം നടന്നത്. സ്ഫോടനത്തിൽ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ചേലക്കര സ്വദേശി മണിക്കാണ് പരിക്കേറ്റത്.
വൈകുന്നേരം അഞ്ചു മണിയോടെ മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് സ്‌ഫോടനങ്ങളാണ് ഉണ്ടായത്. മറ്റു തൊഴിലാളികൾ കുളിക്കാൻ പോയതിനാൽ വൻ ദുരന്തം ഒഴിവായി. സ്‌ഫോടനത്തിൻ്റെ പ്രകമ്പനം കിലോമീറ്ററുകൾ അകലെ വരെ അനുഭവപ്പെട്ടു.
വെടിക്കെട്ടുപുര പൂര്‍ണമായി കത്തി നശിച്ചു. പാടശേഖരത്തിന് നടുവിലായാണ് പടക്കപ്പുര സ്ഥിതി ചെയ്യുന്നത്. 600 മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വീടുകളുടെ ജനൽ ചില്ലുകളെല്ലാം തകർന്നിട്ടുണ്ട്. പൊലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പ്രദേശത്ത് ഇനിയും പൊട്ടാതെ കിടക്കുന്ന പടക്കങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. മണിയെ തൃശൂര്‍ മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു.