

ആദ്യഘട്ട കടുവ സെൻസസ് പൂർത്തിയായി
കോതമംഗലം: സംസ്ഥാനത്ത് എട്ട് ദിവസത്തെ ദേശീയ കടുവ സെൻസസിന്‍റെ ആദ്യഘട്ടം തിങ്കളാഴ്ച പൂർത്തിയായി. രണ്ടാംഘട്ടം ഫെബ്രുവരിയിൽ ആരംഭിക്കും. വനംവകുപ്പിന്‍റെ 36 ഡിവിഷനുകളിലെ വനമേഖലയെ 686 ബ്ലോക്കുകളായി തിരിച്ചാണ് കണക്കെടുപ്പ് നടത്തിയത്. ആദ്യ സെൻസസ് മൂന്ന് ഭാഗങ്ങളായാണ് പൂർത്തിയാക്കിയത്.
ആദ്യഘട്ടത്തിൽ ഓരോ ബ്ലോക്കിലും നാലുപേർ അടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്. കടുവകളെ നേരിട്ട് കണ്ടും ട്രാൻസെക്‌ട് ലൈൻ രീതി അവലംബിച്ചുമായിരുന്നു കണക്കെടുപ്പ് നടത്തിയത്.
കടുവകളെ കൂടാതെ മറ്റ് വന്യജീവികളുടെയും കണക്കുകളും ശേഖരിക്കുന്നുണ്ട്. ഇതിനായി എം സ്ട്രിപ്പ് മെബൈൽ ആപ്ലിക്കേഷനാണ് ഉപയോഗിക്കുന്നത്. ആദ്യ മൂന്ന് ദിവസം അഞ്ചുകിലോമീറ്റർ നടന്ന് കടുവകളെ നേരിട്ട് കണ്ടും, കാൽപ്പാടുകളും, കാഷ്ഠങ്ങളും ശേഖരിച്ചുമായിരുന്നു കണക്കെടുപ്പ് നടത്തിയത്. ആന, കാട്ടുപോത്ത്, പുലി, കരടി, ചെന്നായ, കാട്ടുപട്ടി തുടങ്ങിയവയെകുറിച്ചും രേഖപ്പെടുത്തി.
വനപാലകരെ കൂടാതെ ദിവസവേതന വാച്ചർമാരും സന്നദ്ധത സംഘടനാപ്രവർത്തകരും കോളെജ് വിദ്യാർഥികളും പങ്കെടുത്തു. കോട്ടയം സിസിഎഫും ഫീൽഡ് ഡയറക്‌ടറുമായ പി.പി പ്രമോദ് ആയിരുന്നു നോഡൽ ഓഫീസർ. കഴിഞ്ഞവർഷത്തെ കടുവ സെൻസസിൽ ഇന്ത്യയിൽ 3661 കടുവകളെയാണ് കണ്ടെത്തിയത്. ഇതിൽ 213 എണ്ണം കേരളത്തിലായിരുന്നു.