വിഴിഞ്ഞത്ത് ആദ്യ കപ്പൽ തീരമണഞ്ഞു

ടൂറിസം രംഗത്തുള്‍പ്പടെ അനന്തമായ വികസന സാധ്യതകള്‍ വിഴിഞ്ഞം തുറമുഖം തുറന്നിടുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്
വിഴിഞ്ഞം തുറമുഖത്ത് അടുത്ത ആദ്യത്തെ കപ്പലിനു നൽകിയ സ്വീകരണത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കപ്പലിന്‍റെ മാതൃക കൈമാറുന്നു.
വിഴിഞ്ഞം തുറമുഖത്ത് അടുത്ത ആദ്യത്തെ കപ്പലിനു നൽകിയ സ്വീകരണത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കപ്പലിന്‍റെ മാതൃക കൈമാറുന്നു.

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ നിരവധി പ്രതിസന്ധികള്‍ വകഞ്ഞ് മാറ്റി വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് ആദ്യ കപ്പല്‍ തീരമണഞ്ഞു. അഭിമാനമായ വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പല്‍ ഷെന്‍ഹുവ 15ന് കേരളം ഉജ്വല വരവേല്‍പ്പ് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ കപ്പലിനെ ഫ്ലാഗ്‌സ് ഇന്‍ ചെയ്ത് സ്വീകരിച്ചു. തുടര്‍ന്ന് ഓദ്യോഗികമായി ബെര്‍ത്തിലെത്തിക്കുന്ന മൂറിങ് ചടങ്ങുകള്‍ നടത്തി.

ആദ്യ സൈറണ്‍ മുഴങ്ങിയതോടെ, കാപ്റ്റന്‍ തുഷാര്‍ നേതൃത്വം നല്‍കിയ മൂറിങ് സംഘം ടഗ്ഗുകള്‍ ഉപയോഗിച്ച് കപ്പലിനെ ബര്‍ത്തിലേക്ക് അടുപ്പിക്കാന്‍ തുടങ്ങി. 15 മിനിറ്റോളം സമയമെടുത്താണ് കപ്പലിനെ ബര്‍ത്തിലേക്ക് അടുപ്പിച്ചത്. ടഗ്ഗുകളില്‍ നിന്നും വെള്ളം ചീറ്റി കപ്പലിന് വാട്ടര്‍ സല്യൂട്ടുംനല്‍കി. മുഖ്യമന്ത്രി, കേന്ദ്രമന്ത്രി വി. മുരളീധരന്‍, പ്രതിപക്ഷനേതാവ്, സംസ്ഥാന തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ കരണ്‍ അദാനിയും മന്ത്രിമാരും ജനപ്രതിനിധികളും ചേര്‍ന്ന് വര്‍ണ ബലൂണുകള്‍ ആകാശത്തേക്ക് പറത്തി. ഒപ്പം കരിമരുന്ന് പ്രയോഗവും ഉണ്ടായി. കപ്പലിന്‍റെ ചെറുമാതൃക മുഖ്യമന്ത്രിക്ക് കൈമാറി.

വ്യാഴാഴ്ചയാണ് തുറമുഖത്ത് സ്ഥാപിക്കാനുളള മൂന്ന് ക്രെയ്നുകളുമായി ചൈനയില്‍ നിന്നുളള ഷെന്‍ഹുവ 15 വിഴിഞ്ഞത്ത് എത്തിയത്. 100 മീറ്റര്‍ ഉയരവും 60 മീറ്ററോളം കടലിലേക്ക് തളളി നില്‍ക്കുന്നതുമായ സൂപ്പര്‍ പോസറ്റ് പനാമക്സ് ക്രെയ്നും 30 മീറ്റര്‍ ഉയരാനുളള രണ്ട് ഷോര്‍ ക്രെയ്നുമാണ് കപ്പലില്‍ എത്തിച്ചത്. അടുത്ത വര്‍ഷം മേയിലാണ് തുറമുഖം കമ്മിഷന്‍ ചെയ്യുന്നത്. 2015 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറാണ് പൊതു-സ്വകാര്യ പദ്ധതിയായി വിഴിഞ്ഞം തുറമുഖത്തിന് അദാനി ഗ്രൂപ്പുമായി കരാറൊപ്പിട്ടത്.

അദാനി പോര്‍ട്ടുമായി 40 വര്‍ഷത്തെ കരാറിലാണ് സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നാലു വര്‍ഷത്തിനുളളില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍ ഇതിനിടെ ധാരാളം പ്രതിസന്ധികള്‍ നേരിട്ട പദ്ധതി ഒടുവില്‍ രണ്ടാം പിണറായി സര്‍ക്കാറിന്‍റെ കാലത്താണ് പൂര്‍ത്തീകരണത്തിലേക്കടുക്കുന്നത്. ആകെ 7700 കോടി രൂപയാണ് തുറമുഖത്തിന്‍റെ നിര്‍മാണച്ചെലവ്. ആദ്യഘട്ടത്തില്‍ 10 ലക്ഷം കണ്ടെയ്‌നറുകളാണ് തുറമുഖത്ത് എത്തുക. രാജ്യാന്തര കപ്പല്‍ ചാലില്‍നിന്ന് 18 കിലോമീറ്റര്‍ മാത്രം അകലെയാണ് വിഴിഞ്ഞം തുറമുഖം.

കൂറ്റന്‍ മദര്‍ ഷിപ്പുകള്‍ക്ക് ഇവിടെ നങ്കൂരമിടാനാകുമെന്നതാണ് തുറമുഖത്തിന്‍റെ സവിശേഷത. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും മികച്ച ചരക്കുനീക്ക സംവിധാനമാവും വിഴിഞ്ഞത്ത് തയാറാവുക. മദര്‍ഷിപ്പുകളില്‍നിന്ന് രാജ്യത്തെ മറ്റു തുറമുഖങ്ങളിലേക്ക് കണ്ടെയ്‌നറുകള്‍ എത്തിക്കാനുള്ള സംവിധാനവും വിഴിഞ്ഞത്തുണ്ട്. ആകെ എട്ട് സൂപ്പര്‍ പോസ്റ്റ് പനാമക്സ് ക്രെയ്നുകളും ഷോര്‍ ക്രെയ്നുകളുമാണ് തുറമുഖ നിര്‍മാണത്തിനാവശ്യം. 22 യാര്‍ഡ് ക്രെയിനുകളും ഏഴ് ഷിഫ്റ്റ് ഷോക്ക് ക്രെയിനുകളും വിഴിഞ്ഞത്ത് സ്ഥാപിക്കും. ഇതില്‍ ആദ്യ ഘട്ടമായാണ് ഷെന്‍ഹുവ 15ല്‍ ക്രെയിനുകള്‍ എത്തിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ക്രെയിനുകള്‍ എത്തും. ഇനി ആറ് മാസം ട്രയല്‍ പീരിയേഡ് ആണ്. മേയില്‍ കമ്മീഷനിങ് കഴിയുന്നതോടെയാണ് ചരക്ക് കപ്പലുകള്‍ വിഴിഞ്ഞത്ത് എത്തിത്തുടങ്ങുക.

ടൂറിസം രംഗത്തുള്‍പ്പടെ അനന്തമായ വികസന സാധ്യതകള്‍ വിഴിഞ്ഞം തുറമുഖം തുറന്നിടുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, വി.ശിവന്‍കുട്ടി, കെ. രാജന്‍, ആന്‍റണി, ജി.ആര്‍. അനില്‍, ശശി തരൂര്‍ എംപി, എം.വിന്‍സെന്‍റ് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ.വി വേണു, തുറമുഖ വകുപ്പ് സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് ചെയര്‍മാന്‍ കരണ്‍ അദാനി, അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സിഇഒ രാജേഷ് ഝാ, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാന തപസ്വി, വിഴിഞ്ഞം ഇടവക വികാരിനിക്കോളാസ്, പാളയം ഇമാമം വി.പി.സുഹൈബ് മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com