

തിരുവനന്തപുരത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികളെ കാണാതായി (പ്രതീകാത്മക ചിത്രം)
representative image
തിരുവനന്തപുരം: കേരള തീരത്ത് കടൽക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരത്ത് മത്സ്യബന്ധന ബോട്ടുകൾ മറിഞ്ഞുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ നാല് മത്സ്യത്തൊഴിലാളികളെ കാണാതായി. മുതലപ്പൊഴി, വിഴിഞ്ഞം എന്നിവിടങ്ങളിലാണ് അപകടം.
വെള്ളിയാഴ്ച രാത്രി 8.30ഓടെ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ മുതലപ്പൊഴി അഴിമുഖത്തിന് സമീപം നാല് മത്സ്യത്തൊഴിലാളികളുമായി സഞ്ചരിച്ച ഫൈബർ ബോട്ട് മറിഞ്ഞതാണ് ആദ്യ അപകടം. അഞ്ചുതെങ്ങ് സ്വദേശികളായ ഷിജിൻ (32), ഫ്രീമോൻ (28) എന്നിവരെയാണ് കാണാതായത്. ബോട്ടുടമയായ ജോസും മറ്റൊരു മത്സ്യത്തൊഴിലാളിയായ സ്മിത്തും നീന്തി കരയിലെത്തി രക്ഷപ്പെട്ടു.
തെരച്ചിൽ ആരംഭിക്കുന്നതിൽ കാലതാമസം ഉണ്ടായെന്ന് ആരോപിച്ച് കാണാതായവരുടെ ബന്ധുക്കൾ അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു. കാണാതായവരെ കണ്ടെത്താൻ ഇന്ത്യൻ നാവികസേനയുടെ സഹായം തേടിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലവിൽ അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് ഇന്ത്യൻ കോസ്റ്റ് ഗാർഡുമായി ചേർന്ന് തെരച്ചിൽ തുടരുകയാണ്. എന്നാൽ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാകുന്നതായി പൊലീസ് അറിയിച്ചു.
രണ്ടാമത്തെ സംഭവത്തിൽ വിഴിഞ്ഞം തുറമുഖത്ത് നിന്ന് മത്സ്യബന്ധനത്തിനായി അഞ്ച് മത്സ്യത്തൊഴിലാളികളുമായി പുറപ്പെട്ട ബോട്ടാണ് കടലിൽ മറിഞ്ഞത്. മൂന്ന് പേരെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്ന് വിഴിഞ്ഞം കോസ്റ്റൽ പൊലീസ് അറിയിച്ചു.
അതേസമയം, കൊല്ലം ജില്ലയിലെ നീണ്ടകരയിൽ വെള്ളിയാഴ്ച ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം ശനിയാഴ്ച കണ്ടെത്തി. നീണ്ടകര സ്വദേശിയായ രാധാകൃഷ്ണൻ (48) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളുടെ മകൻ ഗൗതം കൃഷ്ണ (26)യ്ക്കായുള്ള തെരച്ചിൽ തുടരുകയാണ്.
കേരള തീരത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം അവസാനിച്ചതിനെ തുടർന്നാണ് ശനിയാഴ്ച മുതൽ മത്സ്യബന്ധന ബോട്ടുകൾ വീണ്ടും കടലിൽ ഇറങ്ങിത്തുടങ്ങിയത്. എന്നാൽ പ്രതികൂല കാലാവസ്ഥയും കടൽക്ഷോഭവും നിരവധി അപകടങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.