ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാതിരുന്നത് ഓട്ടോറിക്ഷ രൂപമാറ്റം വരുത്തിയതിനാൽ: പ്രാഥമിക അന്വേഷണ റിപ്പോർട്ട്

സ്റ്റീൽ റെയിലിങ്ങുകൾ ഒഴികെ ഉദ്യോഗസ്ഥൻ നിർദേശിച്ച മറ്റ് മാറ്റങ്ങളെല്ലാം വരുത്തിയാണ് അദ്ദേഹം വാഹനം ഹാജരാക്കിയത്
fitness certificate not issued because the autorickshaw had been modified

ഷൗക്കത്തലി

Updated on

തിരുവനന്തപുരം: ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗതാഗത കമ്മിഷണറുടെ പ്രാഥമിക അന്വേഷണത്തിന്‍റെ വിവരങ്ങൾ പുറത്ത്. വാഹനത്തിലെ രൂപമാറ്റങ്ങൾ ഒഴിവാക്കാൻ നിർദേശിച്ചിട്ടും അത് ചെയ്യാത്തതിനാലാണ് സർട്ടിഫിക്കറ്റ് നിരസിച്ചത് എന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

ഓട്ടോയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് ഷൗക്കത്തലി ആത്മഹത്യ ചെയ്തത്. 2021ലാണ് ഷൗക്കത്തലി പുതിയ ഓട്ടോറിക്ഷ വാങ്ങിയത്. പുതിയ വാഹനങ്ങൾക്ക് ആദ്യത്തെ രണ്ട് വർഷം ഫിറ്റ്നസ് പരിശോധന ആവശ്യമില്ല. തുടർന്ന് രണ്ട് വർഷത്തിന് ശേഷം 2023 ഓഗസ്റ്റ് 17ന് ആദ്യ പരിശോധന നടത്തി 2025 ഓഗസ്റ്റ് 16 വരെ സർട്ടിഫിക്കറ്റ് നൽകി. തുടർന്ന് കണ്ടാമത്തെ ടെസ്റ്റിനായി കൊണ്ടുവന്നപ്പോളാണ് വാഹനം മോഡിഫൈ ചെയ്ത് ചേർത്തിരുന്ന ഡ്രൈവർ സീറ്റിലെ ആം റെസ്റ്റുകൾ, കൂർത്ത മെറ്റൽ വീൽ കപ്പുകൾ, ഡ്രൈവർ ക്യാബിന്റെ ഇരുവശങ്ങളിലും വെൽഡ് ചെയ്ത സ്റ്റീൽ റെയിലിങ്ങുകൾ, യാത്രക്കാരുടെ ക്യാബിന്റെ വലതുവശത്ത് ഉയർത്തി വെൽഡ് ചെയ്ത സ്റ്റീൽ റെയിലിങ്ങുകൾ എന്നിവ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്.

തുടർന്ന് വീണ്ടും പരിശോധനയ്ക്ക് എത്തിച്ചപ്പോൾ സ്റ്റീൽ റെയിലിങ്ങുകൾ ഒഴികെ ഉദ്യോഗസ്ഥൻ നിർദേശിച്ച മറ്റ് മാറ്റങ്ങളെല്ലാം വരുത്തിയാണ് അദ്ദേഹം വാഹനം ഹാജരാക്കിയത്. ഇതിന്‍റെ ദൃശ്യങ്ങളും ഷൗക്കത്തലി പങ്കുവച്ചിരുന്നു. വിഡിയോയിൽ റെയിലിങ്ങുകൾ കൂടി നീക്കം ചെയ്യാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നത് വ്യക്തമാണ്. ഇതിനായി താൻ ഒരുപാട് പണം ചെലവാക്കിയെന്ന് ഷൗക്കത്ത് പറയുമ്പോൾ, ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് പണം ചെലവാക്കരുതെന്നും അവ നിർബന്ധമായും നീക്കം ചെയ്യണമെന്നും ഉദ്യോഗസ്ഥൻ മറുപടി നൽകുന്നുണ്ട്. തള്ളിനിൽക്കുന്ന ഭാഗങ്ങൾ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിക്കുന്നതും കാണാം.

ദൃശ്യങ്ങളിലുള്ള പ്രേംകുമാർ എന്ന ഉദ്യോഗസ്ഥന് 2026 മാർച്ച് 16ന് കോഴിക്കോട് രാമനാട്ടുകര സബ് ആർടിഒ ഓഫിസിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കിയ അന്ന് മടങ്ങിപ്പോയതിന് ശേഷം പിന്നീട് സർട്ടിഫിക്കറ്റിനായി ഷൗക്കത്ത് വാഹനം കൊണ്ടുവന്നിട്ടില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തി. ഫിറ്റ്നസ് നിരസിച്ചതിൽ അഴിമതിയുണ്ടെന്ന ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

logo
Metro Vaartha
www.metrovaartha.com