കിടപ്പുമുറിയിലെ എസിക്കുള്ളിൽ അഞ്ച് പാമ്പുകൾ; പിടി കൂടാനെടുത്തത് ഒന്നര മണിക്കൂർ|Video

പരിശോധനയിൽ വിഷമില്ലാത്ത വില്ലൂന്നി എന്ന വിഭാഗത്തിൽ പെട്ട പാമ്പാണെന്ന് വ്യക്തമായി
Five snakes found inside AC; took an hour and a half to catch

കിടപ്പുമുറിയിലെ എസിക്കുള്ളിൽ അഞ്ച് പാമ്പുകൾ; പിടി കൂടാനെടുത്തത് ഒന്നര മണിക്കൂർ

Updated on

തിരുവനന്തപുരം: കിടപ്പുമുറിയിലെ എസിയിൽ നിന്ന് പിടി കൂടിയത് അഞ്ച് പാമ്പുകളെ. തിരുവനന്തപുരം ചെറുവയ്ക്കലിലെ മാധവ് ജെ. പണിക്കരുടെ വീട്ടിൽ നിന്നാണ് പാമ്പുകളെ പിടി കൂടിയത്. ടെക്നോപാർക്ക് ജീവനക്കാരനായിരുന്ന മാധവ് കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് എസിയുടെസമീപത്തായിഒരു വാൽ കണ്ടത്. ടോർച്ചടിച്ച് പരിശോധിച്ചപ്പോൾ പാമ്പാണെന്ന് സംശയം തോന്നി. ഉടൻ തന്നെ വാവ സുരേഷിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.

പിന്നീട് ഫോറസ്റ്റ് ഡിപ്പാർട്മെന്‍റ് സ്നേക് റസ്ക്യു ഓഫിസർ റോഷിനിയുടെ നിർദേശം പ്രകാരം സർപ്പയിലെ പാമ്പു പിടിത്ത വിദഗ്ധൻ ഗൗതമിനെ ബന്ധപ്പെടുകയായിരുന്നു. പരിശോധനയിൽ വിഷമില്ലാത്ത വില്ലൂന്നി എന്ന വിഭാഗത്തിൽ പെട്ട പാമ്പാണെന്ന് വ്യക്തമായി. പിന്നീട് എസി ടെക്നീഷ്യനെ വിളിച്ച് എസി തുറന്നു നോക്കിയപ്പോഴാണ് അഞ്ച് പാമ്പുകളെ കണ്ടത്. കൂട്ടത്തിൽ ഒന്ന് പുറത്തേക്ക് രക്ഷപ്പെട്ടു.

ബാക്കി നാലെണ്ണത്തെയും പിടികൂടി. ഒന്നര മണിക്കൂർ നീണ്ടു നിന്ന പരിശ്രമത്തിനൊടുവിലാണ് പാമ്പുകളെ പിടികൂടിയത്. എസിയുടെ ഔട്ടർ വാട്ടർ പൈപ്പിനു സമീപം ചുമരിൽ ഉണ്ടായിരുന്ന ദ്വാരത്തിലൂടെയാണ് പാമ്പുകൾ എസിക്കുള്ളിൽ കയറിയതെന്നാണ് നിഗമനം. മരച്ചില്ലകൾ ചുമരിലേക്ക് ചാഞ്ഞു കിടന്നതും പാമ്പുകൾക്ക് സൗകര്യമായി.

പിടികൂടിയ പാമ്പുകളെ വനത്തിൽ തുറന്നു വിട്ടു.

logo
Metro Vaartha
www.metrovaartha.com