ശബരിമലയിലെ സ്വർണം മറിച്ചുവിറ്റു

അന്വേഷണ സംഘത്തോട് സമ്മതിച്ച് ഉണ്ണിക്കൃഷ്ണൻ പോറ്റി | വീട്ടിൽ നിന്ന് ആധാരങ്ങളും കണ്ടെടുത്തു, വട്ടിപ്പലിശ ഇടപാടും
ശബരിമലയിലെ സ്വർണം മറിച്ചുവിറ്റു | Sabarimala gold missing row

ശബരിമല നടയും ദ്വാരപാലക ശിൽപ്പങ്ങളും.

Updated on

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമല സന്നിധാനത്തു നിന്നു തട്ടിയെടുത്ത സ്വർണം മറിച്ചു വിറ്റുവെന്ന് അന്വേഷണ സംഘത്തോട് സമ്മതിച്ച് കേസിലെ ഒന്നാം പ്രതിയും സ്പോൺസറും ഇടനിലക്കാരനുമായ ഉണ്ണിക്കൃഷ്ണൻ പോറ്റി.

മറ്റു സ്പോൺസർമാരിൽ നിന്നും ലഭിച്ച സ്വർണവും പണമാക്കി. പണം ഭൂമി ഇടപാടുകൾക്ക് ഉപയോഗിച്ചുവെന്നും ചോദ്യം ചെയ്യലിൽ പോറ്റി സമ്മതിച്ചെന്നാണ് വിവരം. കൂടാതെ, സ്വര്‍ണം കവരാനുള്ള ഗൂഢാലോചനയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉന്നതരടക്കം 15ഓളം പേരുണ്ടെന്ന് പോറ്റി വെളിപ്പെടുത്തിയതായാണ് സൂചന.

ശ്രീകോവിലിലെയും ദ്വാരപാലക ശിൽപ്പങ്ങളിലെയും വാതിലുകളിലെയും സ്വർണം ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ പോറ്റി നശിപ്പിച്ചെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) സംശയം തോന്നിയതോടെയാണു പോറ്റിയുടെ വീട്ടിൽ പരിശോധന നടത്തിയത്.

തിരുവനന്തപുരം പുളിമാത്തെ കുടുംബവീട്ടില്‍ ശനിയാഴ്ച മൂന്നു മുതല്‍ രാത്രി വരെ അന്വേഷണസംഘം പരിശോധന നടത്തിയതിൽ ശബരിമല സ്‌പോണ്‍സര്‍ഷിപ്പുകള്‍ സംബന്ധിച്ച ചില രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. കൂടാതെ, ഭൂമിയിടപാടുകളുടെ രേഖകളും പണവും ചില സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു. ഇലക്‌ട്രോണിക്സ് ഉപകരണങ്ങളും പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട സ്വർണമാണോ ഇതെന്ന് പരിശോധിക്കും. കണ്ടെത്തിയ രേഖകളിൽ നിന്നും ഇടപാടുകാരുടെ പശ്ചാത്തലവും പരിശോധിക്കും.

ചില ഫയലുകൾ പരിശോധിച്ചതിൽ പോറ്റിക്ക് വട്ടിപ്പലിശ ഇടപാടുണ്ടോ എന്ന സംശവും അന്വേഷണ സംഘത്തിനുണ്ട്. ഇടപാടുകളുടെ ആധാരങ്ങൾ വീട്ടിൽ നിന്ന് എസ്ഐടി സംഘം പിടിച്ചെടുത്തിട്ടുണ്ട്. 2020നുശേഷമാണ് പോറ്റി ഭൂമിയുടെ ആധാരങ്ങൾ ഈടായി വാങ്ങി പലിശയ്ക്ക് പണം നൽകി തുടങ്ങിയതെന്നാണ് കണ്ടെത്തൽ.

അതേസമയം, കേസിൽ പ്രതിചേര്‍ത്തിട്ടുള്ള ദേവസ്വം മുൻ ഉദ്യോഗസ്ഥൻ ബി. മുരാരി ബാബുവിനെ ഉടന്‍ കസ്റ്റഡിയിലെടുത്ത് പോറ്റിയോടൊപ്പമിരുത്തി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചു. ഈ വർഷം ദ്വാരപാലക ശിൽപ പാളികളിൽ സ്വർണം പൂശിയതും എസ്ഐടി അന്വേഷിക്കും. 2019ൽ 40 വർഷത്തെ ഗ്യാരന്‍റിയോടെ സ്വർണം പൂശിക്കൊണ്ടുവന്ന പാളികളിൽ 6 വർഷം കഴിഞ്ഞപ്പോൾ വീണ്ടും സ്വർണം പൂശാൻ ബോർഡ് തീരുമാനമെടുക്കുകയായിരുന്നു.

പോറ്റിയെക്കൊണ്ടു തന്നെ സ്വർണം പൂശിക്കണമെന്ന് കഴിഞ്ഞവർഷം ബോർഡിന് ശുപാർശ നൽകിയത് അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവാണ്. വീണ്ടും സ്വർണം തട്ടിയെടുക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു ഇതെന്നാണ് എസ്ഐടിയുടെ അനുമാനം. 2019 ജൂലൈ മുതൽ 2025 സെപ്റ്റംബർ 27 വരെയുള്ള മുഴുവൻ ഇടപാടുകളും അന്വേഷിക്കാനാണ് നീക്കം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com