

ബ്രഡും ജാമും കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; ഗൃഹനാഥൻ മരിച്ചു, മക്കൾ ചികിത്സയിൽ
പഴയന്നൂർ: വീട്ടിൽനിന്ന് ബ്രഡും ജാമും കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗൃഹനാഥൻ മരിച്ചു. നീർണമുക്ക് കുന്നത്ത് വീട്ടിൽ വിനോദ് കുമാർ (60) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെന്ന് സംശയം.
ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ഇയാളോടൊപ്പം മക്കളായ വിദ്യ, വൃന്ദ എന്നിവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ നിലവിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രിയാണ് ഇവർ ബ്രഡും ജാമും കഴിച്ചത്.
ഭക്ഷ്യവിഷബാധയാണോ മരണത്തിന് വഴിവെച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്‍റെയും ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കൂ എന്നാണ് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.