
എട്ടുവയസുകാരിയെ അച്ഛൻ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തായ സംഭവം; അച്ഛനെതിരേ കേസെടുക്കാൻ നിർദേശം
കണ്ണൂർ: ചെറുപുഴയിൽ എട്ടുവയസുകാരിയെ അച്ഛൻ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തായ സംഭവത്തിൽ അച്ഛനെതിരേ കേസെടുക്കാൻ റൂറൽ എസ്പിയുടെ നിർദേശം. കുട്ടിയുടെ അച്ഛൻ മലാങ്കടവ് സ്വദേശി മാമച്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസിന്‍റെ നടപടി.
മകളെ മുടിക്ക് പിടിക്കുകയും നിലത്തേക്ക് വലിച്ചിട്ട് അരിവാളിന് വെട്ടാനോങ്ങുന്നതാണ് ദൃശ്യങ്ങള്‍. തല്ലരുതെന്ന് കുഞ്ഞ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേള്‍ക്കാം. 12 വയസുകാരനായ മകന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മർദനത്തെ കുറിച്ച കുട്ടികളോട് അന്വേഷിച്ചപ്പോൾ അത് പ്രാങ്ക് വീഡിയോ ആണെന്നാണ് കുട്ടികൾ മൊഴി നൽകിയതെന്ന് പൊലീസ് പറഞ്ഞു.
കുട്ടിയുടെ അച്ഛനും അമ്മയും പിരിഞ്ഞു കഴിയുന്നവരാണ്. അമ്മ തിരിച്ചു വരുന്നതിനായാണ് പ്രാങ്ക് വീഡിയോ എടുത്തതാണെന്നാണ് കുട്ടിയുടെ മൊഴി. എന്നാൽ, പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. ഇപ്പോൾ കുട്ടികൾ ഉളളത് അച്ഛന്‍റെ സഹോദരിയോടൊപ്പമാണ്.