
തിരുവനന്തപുരം: വിദേശ സർവകലാശാലയെ സംബന്ധിച്ച് ചർച്ച വേണമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും അതുപോലും പാടില്ലെന്ന് പറയുന്നത് ശരിയല്ലെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വിദേശ സർവകലാശാല സംബന്ധിച്ച് നയപരമായ തീരുമാനം എടുത്തിട്ടില്ല. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ പരിഷ്കാരങ്ങളും ചർച്ചകളും വേണമെന്നും മന്ത്രി ബജറ്റ് ചർച്ചയ്ക്ക് മറുപടിയായി നിയമസഭയിൽ പറഞ്ഞു.
"പുഷ്പനെ അറിയാമോ' എന്ന് ചർച്ചയ്ക്കിടെ പ്രതിപക്ഷ എംഎൽഎമാർ ചോദിച്ചതിന്, പുഷ്പനെ ഓർമയുണ്ടെന്നും ആ സമരത്തിൽ സജീവമായി പങ്കെടുത്തവരാണ് തങ്ങളെല്ലാവരുമെന്നും മന്ത്രി മറുപടി നൽകി. കേരളത്തിലെ കുടുംബങ്ങളിൽനിന്ന് കുട്ടികൾ വിദേശത്തേക്ക് പോവുകയാണ്. ഒരു കുട്ടിക്ക് 30 ലക്ഷം മുതൽ മുകളിലേക്കാണ് ചെലവ്. നാട്ടിൽ ചെലവാകേണ്ട പണം ഇവിടെ വരണം. കുട്ടികൾ പലരും പോകുന്നത് കുടിയേറ്റത്തിനും ജോലിക്കും വേണ്ടിയാണ്. ഇതിനൊക്കെയുള്ള പരിഹാരമാണ് വിദേശ സർവകലാശാലകൾ വേണമെന്ന് പറഞ്ഞത്.
40 വർഷം മുൻപ് ട്രാക്ടറിനെതിരെ സമരം ചെയ്തിട്ടുണ്ട്. ഇന്ന് അതല്ല സ്ഥിതി. കർഷകത്തൊഴിലാളിക്ക് ജോലി കിട്ടാത്ത സാഹചര്യത്തിൽ അന്ന് സമരം ചെയ്തതു പോലെയാണോ ഇപ്പോൾ? കാലം മാറുമ്പോൾ അതു മനസിലാക്കണം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടറൈസേഷൻ വന്നപ്പോൾ തൊഴിൽ നഷ്ടമാകുമെന്ന് പറഞ്ഞ് കോൺഗ്രസ് സംഘടനയുടെ സമരം ഉദ്ഘാടനം ചെയ്തത് ഉമ്മൻ ചാണ്ടിയാണ്.
സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ 13 ഇനം സബ്സിഡി സാധനങ്ങള്‍ ആവശ്യമായതത്ര ലഭ്യമാക്കും. രാജ്യത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഏറ്റവും വിലക്കുറവുള്ള സംസ്ഥാനം എന്ന നിലയില്‍ വിലനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ എല്ലാ സഹായവും സര്‍ക്കാരില്‍നിന്നുണ്ടാകും. ചൈനീസ് ബന്ധം ആരോപിച്ച് വിഴിഞ്ഞം പദ്ധതിക്ക് തുരങ്കം വെച്ചത് മന്‍മോഹൻ സിങ് സര്‍ക്കാരായിരുന്നു. അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്‍റണിയും. ഇതിലൂടെ 15 വര്‍ഷമാണ് നഷ്ടമായത്. എന്നാല്‍ തുറമുഖത്തിലേക്ക് ആദ്യമെത്തിയത് ചൈനീസ് കപ്പലുകളാണ് എന്നത് കാവ്യനീതിയുടെ ഉദാഹരണമാണെന്നും മന്ത്രി.
ബജറ്റിലെ പുതിയ പ്രഖ്യാപനങ്ങള്‍
* പൊതുവിതരണ സംവിധാനത്തിനുള്ള ബജറ്റ് വിഹിതം 2,001 കോടി രൂപയായി ഉയര്‍ത്തി. നേരത്തേ 1,930 കോടിയായിരുന്നു.
* നോര്‍ക്ക സഹകരണത്തോടെ സ്ഥാപിക്കുന്ന അന്താരാഷ്ട്ര സാംസ്കാരിക സമുച്ചയത്തിന്‍റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് 5 കോടി രൂപ വകയിരുത്തി.
* സയന്‍സ് സിറ്റിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 5 കോടി
* സാംസ്കാരിക ഡിജിറ്റല്‍ സര്‍വ്വേ നടത്താന്‍ 3 കോടി
* മീഡിയ അക്കാഡമിയ്ക്ക് പുതിയ കെട്ടിട നിര്‍മാണത്തിന് 3 കോടി
* പട്ടയ മിഷന്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 3 കോടി
* നികത്തിയ നെല്‍വയല്‍ പൂര്‍വ്വസ്ഥിതിയിലാക്കുന്ന പദ്ധതിയ്ക്ക് റിവോള്‍വിങ് ഫണ്ടായി 2 കോടി
* സര്‍ക്കാര്‍ ഭൂമികളുടെ സംരക്ഷണ പദ്ധതിക്ക് 2 കോടി
* ക്ഷീര വികസന വകുപ്പിന്‍റെ ബീജ ഉല്‍പ്പദാന മേഖലയില്‍ ആവശ്യമായ മാച്ചിങ് ഫണ്ട് ഉറപ്പാക്കും.
* കര്‍ഷക തൊഴിലാളി ക്ഷേമനിധി വിഹിതം 120 കോടിയായി ഉയര്‍ത്തും.
* ക്യാംപസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ക്കായി 10 കോടി
* സഹകരണ മേഖലയില്‍ വ്യവസായ പാര്‍ക്കുകള്‍ക്ക് സഹായം
* സഹകരണ റൈസ് മില്ലുകള്‍, റബ്കോ തുടങ്ങിയവയുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കാന്‍ സര്‍ക്കാര്‍ സഹായം.
* പൂരക്കളി അക്കാഡമിക്ക് സര്‍ക്കാര്‍ സഹായം തുടരും
* ജിഎസ്ടി രഹസ്യ വിവര കൈമാറ്റത്തിന് പ്രതിഫലം നല്‍കുന്ന പദ്ധതി ശാക്തീകരിക്കും.
* മലപ്പുറം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് 5 കോടി
* ശാസ്താംകോട്ട കായല്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 1 കോടി
* പുതുതായി തുടങ്ങിയ 16 നഴ്സിങ് കോളെജുകള്‍ക്കായി 7 കോടി
* നിര്‍മാണ മേഖലയുടെ പുനരുജ്ജീവനത്തിനായി നീക്കിവച്ച 1,000 കോടി രൂപയുടെ പദ്ധതിയില്‍ ഗ്രാമീണ റോഡുകളുടെ നവീകരണവും പരിഗണിക്കും.
* നവകേരള സദസുകളില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനായി ബജറ്റില്‍ 1,000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. എല്ലാ മണ്ഡലത്തിലും ഒരു പദ്ധതിയെങ്കിലും ഉറപ്പാക്കും.