
സുരേഷ് ഗോപി ധരിച്ച മാലയിൽ പുലിപ്പല്ലാണെന്ന പരാതിയിൽ വനം വകുപ്പ് നോട്ടീസ് നൽകും
തൃശൂർ: നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി ധരിച്ച മാലയിൽ പുലിപ്പല്ലാണെന്ന പരാതിയിൽ വനം വകുപ്പ് നോട്ടീസ് നൽകും. യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍റെ പരാതിയിലാണ് വനം വകുപ്പിന്‍റെ നടപടി.
തൃശൂർ ഡിഎഫ്ഒയ്ക്കു മുന്നിൽ ആഭരണം ഹാജരാക്കാൻ നിർദേശിക്കും. മാലയിൽ ഉപയോഗിച്ചിരിക്കുന്നത് യഥാർഥ പുലിപ്പല്ലാണോ അതോ മറ്റെന്തെങ്കിലും വസ്തുവാണോ എന്ന് പരിശോധിക്കുന്നതിനാണ് നടപടി.
വന്യജീവി സംരക്ഷണ നിയമ പ്രകാരം പുലിപ്പല്ല് കൈവശം വയ്ക്കുന്നത് കുറ്റകരമാണ്. റാപ്പർ വേടന്‍റെ മാലയിലുള്ളത് പുലിപ്പല്ലാണെന്നാരോപിച്ച് വനം വകുപ്പ് കേസെടുത്തതിനെത്തുടർന്നാണ് സുരേഷ് ഗോപിയുടെ മാലയിലെ ലോക്കറ്റും ചർച്ചാവിഷയമായത്.