

പൊലീസും വിജിലൻസും വിലക്കിയ ഉദ്യോഗസ്ഥരെയാണ് വീണ്ടും അതേ പോസ്റ്റിലേക്ക് നിയമിക്കുന്നത്.
തിരുവനന്തപുരം: വനംവകുപ്പിലെ അർഹരായ ഉദ്യോഗസ്ഥരെ തള്ളി അഴിമതിക്കാർക്ക് വീണ്ടും അതേ റേഞ്ചിൽ സ്ഥലംമാറ്റമെന്ന് ആക്ഷേപം. പൊലീസും വിജിലൻസും വിലക്കിയ ഉദ്യോഗസ്ഥരെയാണ് വീണ്ടും അതേ പോസ്റ്റിലേക്ക് നിയമിക്കുന്നത്. സ്ഥലംമാറ്റം സംബന്ധിച്ച് വനംവകുപ്പിന്‍റെ ഉത്തരവ് ഉടനിറങ്ങും.
സ്റ്റേഷൻ വളപ്പിൽ സ്റ്റാഫ് കഞ്ചാവ് കൃഷി നടത്തിയതായി ആരോപണം ഉന്നയിച്ചു നടപടിക്ക് വിധേയനായ റേഞ്ച് ഓഫീസറെ വീണ്ടും റേഞ്ചിൽ പ്രതിഷ്ഠിക്കാനാണ് നീക്കം. നടപടിക്ക് വിധേയനാക്കി കുറച്ചുനാൾ സോഷ്യൽ ഫോറസ്റ്റ് റേഞ്ചിലേക്ക് മാറ്റിയെങ്കിലും ഇയാളെ ഉടൻതന്നെ റാന്നി റേഞ്ചിലേക്ക് മാറ്റം നൽകിയിരുന്നു. ടെറിട്ടോറിയൽ റെയ്ഞ്ചിൽ ഇരിക്കുന്ന ഉദ്യോഗസ്ഥരെയാണ് അതേ വിഭാഗത്തിൽ തന്നെ മാറ്റി നിയമിക്കുന്നത്. എന്നാൽ സോഷ്യൽ ഫോറസ്ട്രി, ഫ്ളെയിങ് സ്ക്വാഡ് വിഭാഗങ്ങളിലെ ജീവനക്കാരെ തിരികെ അവിടെതന്നെയാണ് നിയമിക്കുന്നത്. അവർക്ക് ടെറിട്ടോറിയൽ വിഭാഗത്തിലേക്ക് സ്ഥലം മാറ്റം നൽകുന്നില്ലെന്നാണ് ആക്ഷേപം. അനധികൃത സ്വത്ത് സമ്പാദന കേസിൽപ്പെട്ട് വിജിലൻസ് അന്വേഷണം നേരിടുന്നവരെ ടെറിട്ടോറിയൽ റേഞ്ചുകളിൽ പോസ്റ്റ് ചെയ്യരുതെന്ന് വിജിലൻസ് നിർദ്ദേശിച്ചിരുന്നു.
എന്നാൽ, ഇതേ കേസിലുള്ള ഉദ്യോഗസ്ഥനെ റാന്നി റേഞ്ചിലേക്ക് പോസ്റ്റ് ചെയ്യുവാൻ നീക്കമുണ്ടെന്നും പരാതിയുയരുന്നു. വിജിലൻസ് റെയ്ഡിൽ അനധികൃത ഇടപാടുകൾ കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഷനിലായ തേക്കടി വള്ളക്കടവ് റെയിഞ്ച് ഓഫീസർമാരെ വീണ്ടും മേജർ റെയ്ഞ്ചുകളിൽ നിയമിക്കാനാണ് വകുപ്പ് കൈയാളുന്നവർ ശ്രമിക്കുന്നതെന്നാണ് ജീവനക്കാർക്കിടയിലെ ആക്ഷേപം.
പാലോട്, പത്തനാപുരം, അയ്യപ്പൻകോവിൽ, പട്ടിക്കാട്,കോടനാട്, മണ്ണാർക്കാട്, ചെതലയം,ദേവികുളം, കാസർഗോട്, കാഞ്ഞങ്ങാട് അടക്കം പല മേജർ റേഞ്ചുകളിലും വിജിലൻസ് റെയ്ഡിന്‍റെ പല അപാകതകളും കണ്ടെത്തിയിരുന്നു. പലയിടങ്ങളിലും വിജിലൻസ് തുടർ പരിശോധനകൾ നടത്തിവരികയാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥർ പരസ്പരം മേജർ റേഞ്ചുകൾ വച്ചുമാറുന്ന രീതിയാണ് നടന്നുവരുന്നത്. ടെറട്ടോറിയൽ റെയിഞ്ചുകളിൽ നിയമിക്കരുതെന്ന് വിജിലൻസ് നിർദ്ദേശിച്ചിരിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥനെയും ടെറിട്ടോറിയൽ റേഞ്ചിൽ നിയമിക്കാൻ ശ്രമം നടക്കുന്നുണ്ട്. വിജിലൻസ് വിഭാഗത്തിന്‍റെ റിപ്പോർട്ടിനെ തുടർന്ന് ഹൈറേഞ്ചിൽ നിന്നും സോഷ്യൽ ഫോറസ്റ്റ് യിലേക്ക് മാറ്റിയ ഉദ്യോഗസ്ഥനെയും വീണ്ടും ടെറിട്ടോറിയൽ റേഞ്ചിൽ നിയമിക്കാൻ നീക്കം നടക്കുന്നുണ്ട്. അഴിമതിക്കാരായ ഉദ്യോഗസ്ഥർ സ്ഥിരമായി മേജർ റേഞ്ചുകളിൽ മാറിമാറി ഇരിക്കുന്നത് അഴിമതി വ്യാപകമാകാൻ കാരണമാകുന്നുവെന്നു വിജിലൻസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇതേ റേഞ്ചുകളിൽ ഇരുന്നവരെ വീണ്ടും ഇവിടെ നിയമിക്കരുതെന്ന് നിർദേശം നൽകിയത്.
ഇതാണ് അട്ടിമറിക്കാൻ ശ്രമിക്കുന്നത്. സോഷ്യൽ ഫോറസ്ട്രീ, വർക്കിംഗ് പ്ലാൻ, ട്രെയിനിങ് സ്കൂളുകൾ, വിജിലൻസ് വിഭാഗം എന്നിവിടങ്ങളിൽ ജോലി നോക്കുന്ന റെയിഞ്ചർമാർ സ്ഥിരമായി ഇതേ വിഭാഗങ്ങളിൽ തുടരുകയാണ്. ഇവരെ മുഖ്യധാര റേഞ്ചുകളിലേക്ക് മാറ്റിയാൽ അഴിമതി ഒരു പരിധിവരെ അവസാനിപ്പിക്കാം. എന്നാൽ ഇങ്ങനെയൊരു ശ്രമം വനം വകുപ്പിൽ നടക്കുന്നില്ലെന്നാണു ജീവനക്കാർക്കിടയിലെ പരാതി.