കാലം ചെയ്തത് സീറോ മലബാർ സഭാകിരീടം

മാർ ജോസഫ് പൗവത്തിൽ കാലം ചെയ്യുമ്പോൾ സീറോ മലബാർ സഭയുടെ വഴിവിളക്കാണ് അണഞ്ഞു പോകുന്നത്
കാലം ചെയ്തത് സീറോ മലബാർ സഭാകിരീടം

നിലപാടുകളുടെ ശ്രേഷ്ഠ ഇടയൻ യാത്രയായി. ഊണിലും ഉറക്കത്തിലും ധീരമായ നിലപാടുകളിലൂടെ സഭയെ മുന്നോട്ടു നയിച്ച മാർ ജോസഫ് പൗവത്തിൽ കാലം ചെയ്യുമ്പോൾ സീറോ മലബാർ സഭയുടെ വഴിവിളക്കാണ് അണഞ്ഞു പോകുന്നത്. സീറോ മലബാർ സഭയുടെ കിരീടം എന്നാണ് ബനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ മാർ ജോസഫ് പൗവത്തിലിനെ വിശേഷിപ്പിച്ചത്. തന്‍റെ ശക്തവും ധീരവുമായ നിലപാടുകളിൽ എന്നും ഉറച്ചു നിന്നതിനാൽ തന്നെ നിരവധി ഉയർന്ന സ്ഥാനമാനങ്ങൾ അദ്ദേഹത്തിനു നഷ്ടപ്പെട്ടിട്ടുമുണ്ട്. എന്നാൽ അതിലൊന്നും തെല്ലും പരിഭവമോ ഖേദമോ ഇല്ലാതെ തന്‍റെ കർമപാതയിൽ വിട്ടുവീഴ്ചകളില്ലാതെ മുന്നോട്ടു പോകുന്നതിൽ മാത്രമായിരുന്നു പിതാവിനു ശ്രദ്ധ.

മാർപ്പാപ്പായിൽ നിന്നു മെത്രാഭിഷേകം ലഭിച്ച ആദ്യഇടയൻ

സീറോ മലബാർ സഭയിൽ ആദ്യമായി മാർപ്പാപ്പായാൽ മെത്രാഭിഷേകം ലഭിച്ച മെത്രാനായിരുന്നു കേരള കത്തോലിക്കരുടെ സ്വന്തം പൗവത്തിൽ പിതാവ്. പോൾ ആറാമൻ മാർപ്പാപ്പയിൽ നിന്ന് 1972 ഫെബ്രുവരി 13 ന് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന മെത്രാഭിഷേക ചടങ്ങിൽ തമിഴ്നാട്ടിൽ നിന്നുള്ള ഫാ.അരുളപ്പ ഉൾപ്പടെ പതിനെട്ടു പേരാണ് അന്ന് മാർ ജോസഫ് പൗവത്തിലിനൊപ്പം റോമിൽ മെത്രാന്മാരായി അഭിഷിക്തരായത്. ചങ്ങനാശേരി അതിരൂപതാ സഹായമെത്രാനായിട്ടായിരുന്നു ആദ്യ നിയമനം. അന്നത്തെ വത്തിക്കാൻ നൂൺഷ്യോ വഴിയായിരുന്നു ഈ അറിയിപ്പ് സീറോ മലബാർ സഭയ്ക്ക് ലഭിച്ചത്. ആദ്യം ചങ്ങനാശേരിയിലാണ് മെത്രാഭിഷേക ചടങ്ങുകൾ എന്നാണ് കരുതിയതെങ്കിലും വത്തിക്കാൻ അറിയിപ്പിനെ തുടർന്ന് മെത്രാഭിഷേകം വത്തിക്കാനിലേക്കു മാറ്റുകയായിരുന്നു.

പോൾ ആറാമൻ മാർപ്പാപ്പയുമായി ആത്മബന്ധം പുലർത്തിയ പിതാവാണ് മാർ ജോസഫ് പൗവത്തിൽ. ഇന്ത്യ ആദ്യം സന്ദർശിച്ച മാർപ്പാപ്പയും പോൾ ആറാമനാണ്. 1964ൽ പോൾ ആറാമൻ മാർപ്പാപ്പ മുംബൈയിലെത്തിയപ്പോൾ കൊച്ചിയിൽ നിന്നും കപ്പൽ മാർഗം മുംബൈയിലെത്തി മാർപ്പാപ്പയെ സന്ദർശിച്ചു പൗവത്തിൽ പിതാവ്.

കാഞ്ഞിരപ്പള്ളിയുടെ പ്രഥമ ഇടയൻ

കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായപ്പോൾ പ്രഥമ ഇടയനായതും മാർ ജോസഫ് പൗവത്തിലായിരുന്നു. ചങ്ങനാശേരി അതിരൂപതയിൽ നിന്നു വിഭജിച്ച് 1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപത രൂപീകൃതമായപ്പോൾ മുതൽ 1985 വരെ തന്‍റെ ശക്തമായ സാമൂഹിക ഇടപെടലുകളിലൂടെ രൂപതയെ നയിക്കുന്നതിൽ പിതാവ് ബദ്ധശ്രദ്ധനായിരുന്നു. ചങ്ങനാശേരി മുതൽ രാമക്കൽമേട് വരെയും കന്യാകുമാരി വരെയും വിസ്തൃതമായിരുന്നു പണ്ട് ചങ്ങനാശേരി അതിരൂപത. തന്‍റെ ജനതയുടെ ആത്മീയകാര്യങ്ങളിൽ മാത്രമല്ല, ഭൗതിക മേഖലകളിലും വൻ വളർച്ചയുണ്ടാക്കാൻ പിതാവിന്‍റെ ദീർഘവീക്ഷണത്തിനു കഴിഞ്ഞു.

പ്രതിഭകളെ വാർത്തെടുത്ത ഗുരുശ്രേഷ്ഠൻ

സിബിസിഐയുടെയും കെസിബിസിയുടെയും മുൻ പ്രസിഡന്‍റായിരുന്ന പിതാവ് ഇന്‍റർ ചർച്ച് കൗൺസിലിന്‍റെ ഉപജ്ഞാതാവു കൂടിയാണ്.

കുറുമ്പനാടം പൗവ്വത്തിൽ ജോസഫ്-മറിയക്കുട്ടി ദമ്പതികളുടെ പുത്രനായി 1930 ഓഗസ്റ്റ് 14 നു പിറന്ന പാപ്പച്ചൻ എന്ന പി.ജെ.ജോസഫ് 1962 ഒക്‌ടോബർ മൂന്നിന് പൗരോഹിത്യം സ്വീകരിച്ചതോടെ ഫാ.ജോസഫ് പൗവ്വത്തിൽ ആയി. 1962മുതൽ 72 വരെ ചങ്ങനാശേരി എസ് ബി കോളെജിൽ അധ്യാപകനായിരുന്ന അദ്ദേഹം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പടെ നിരവധി പ്രമുഖരുടെ ഗുരുശ്രേഷ്ഠനായിരുന്നു. ഇതിനിടയിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഉന്നത വിദ്യാഭ്യാസവും നേടി. 1969-70 കാലത്തായിരുന്നു അത്.ഇന്‍റർ ചർച്ച് കൗൺസിൽ സ്ഥാപകനും ചെയർമാനുമായിരുന്നു അദ്ദേഹം 1990-2013 വരെ. ഓർത്തഡോക്സ് സഭയുമായുള്ള സഭൈക്യ ചർച്ചകളിലെ പൊന്തിഫിക്കൽ കമ്മീഷൻ അംഗമായി 1993 മുതൽ 2007 വരെ നിസ്തുലമായ സേവനമാണ് അദ്ദേഹം കാഴ്ച വച്ചത്. സീറോ മലബാർ സഭയുടെ പെർമെനന്‍റ് സിനഡ് അംഗമായിരുന്നു അദ്ദേഹം. കെസിബിസി ചെയർമാനായി 1993-96 വരെയും സിബിസിഐ പ്രസിഡന്‍റായി 1994-98 വരെയും സേവനമനുഷ്ടിച്ച പിതാവ് 2007 മുതൽ ചങ്ങനാശേരിയിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. വിശ്രമജീവിതത്തി ലായിരുന്നപ്പോഴും സാമൂഹിക വിഷയങ്ങളിൽ തന്‍റേതായ ഇടപടലുകൾ നടത്താൻ പിതാവ് മറന്നിരുന്നില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com