"എമ്പുരാൻ വെറും എമ്പോക്കിത്തരം''; രൂക്ഷമായ പ്രതികരണവുമായി മുൻ ഡിജിപി ആർ. ശ്രീലേഖ | Video

''കാവി വന്നു കഴിഞ്ഞാൽ‌ കേരളം നശിക്കുമെന്നൊരു ധ്വനി സിനിമയിലുടനീളം നൽകുന്നുണ്ട്''

മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനെതിരേ രൂക്ഷ വിമർശനവുമായി മുൻ ഡിജിപി ആർ. ശ്രീലേഖ. ചിത്രം നൽകാൻ ഉദ്ദേശിക്കുന്ന സന്ദേശം യാദൃച്ഛികമായി വന്നതല്ലെന്നും അതിനു പിന്നിൽ മറ്റെന്തോ ഉദ്ദേശ്യമുണ്ടെന്നും ശ്രീലേഖ പ്രതികരിച്ചു.

തെരഞ്ഞെടുപ്പുകൾ വരാനിരിക്കെ ബിജെപിയോട് കൂറുകാണിക്കുന്നവരെ പിന്തിരിപ്പിക്കലാണോ ചിത്രമെടുത്തതിനു പിന്നിലെ ലക്ഷ്യമെന്നു പോലും തോന്നിപ്പോയിയെന്നും തന്‍റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ ശ്രീലേഖ പറയുന്നു. "എമ്പുരാൻ എന്ന സിനിമ വെറും എമ്പോക്കിത്തരം'' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. തിയെറ്ററിൽ നിന്നും ചിത്രീകരിച്ച സിനിമയുടെ ഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് വ്ലോഗ്.

എമ്പുരാൻ കാണേണ്ടെന്ന് വിചാരിച്ച ആളായിരുന്നു താൻ. മാർക്കോ എന്ന സിനിമ ഇറങ്ങിയ ശേഷം ആളുകൾ അതിലെ വയലൻസിനെക്കുറിച്ച് വലിയ ചർച്ചകൾ നടത്തി. അതുപോലെ ഏകദേശം വയലൻസാണ് ഈ സിനിമയിലും ഉള്ളത്. എന്നിട്ടും ആളുകൾ അതിനെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും ശ്രീലേഖ പറയുന്നു.

മലയാളം സിനിമയിലെ ഇഷ്ടപ്പെട്ട നടന്മാരിലൊരാളായിരുന്നു മോഹൻലാൽ. എമ്പുരാൻ കണ്ടതിനു ശേഷമല്ല, മറിച്ച് മുൻപ് അഭിനയിച്ച പല സിനിമകളിലും മോഹൻലാൽ നിരാശപ്പെടുത്തിയെന്നും ശ്രീലേഖ പറയുന്നു. ലൂസിഫറിൽ പൃഥ്വിരാജ് വന്നപ്പോൾ തനിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ, എമ്പുരാൻ ഇറങ്ങിയ ശേഷം ജനങ്ങളൊക്കെ ഇഷ്ടപ്പെടുന്ന പൃഥ്വിരാജും മോഹൻലാലുമൊക്കെ ഇത്തരം കഥാപാത്രങ്ങൾ ചെയ്തത് കണ്ടപ്പോൾ വിഷമമാണ് തോന്നിയത്.

നാർകോട്ടിക്സ് ബിസിനസ് തടയാൻ വേണ്ടി നിരന്തരം ആളുകളെ കൊല്ലുന്നു. കൊലപാതകം ഒരു ഡേർട്ടി ബിസിനസല്ല, അത് നടത്താം. പക്ഷേ, നാർകോട്ടിക്സ് ഒരു ഡേർട്ടി ബിസിനസാണത്രേ, സിനിമയിലെ ഈ ഇരട്ടത്താപ്പ് സമീപനം അപഹാസ്യമായും വ്യത്തികേടായും തോന്നുന്നു.

സിനിമയിലെ ഭാഗങ്ങൾ എഡിറ്റ് ചെയ്ത് മാറ്റിയാലും പ്രത്യേകിച്ച് മാറ്റങ്ങളൊന്നും വരാൻ പോവുന്നില്ല. കഥ കഥയായി തന്നെ നിലനിൽക്കും. പൃഥ്വിരാജ് അഭിനയിച്ച സയ്യിദ് മസൂദ് എങ്ങനെ സയ്യിദ് മസൂദ് ആയെന്ന് കാട്ടാനായി ഗോധ്ര കാലാപത്തെ വലിച്ചിഴച്ച് വികലമാക്കിയിരിക്കുന്നു.

കാവി വന്നു കഴിഞ്ഞാൽ‌ കേരളം നശിക്കുമെന്നൊരു ധ്വനി സിനിമയിലുടനീളം നൽകുന്നുണ്ട്. സിനിമയിൽ ഒരുപാട് വൃത്തികേടുകൾ കാണിക്കുന്നുണ്ട്. കുട്ടികളെ കാണിക്കാൻ പറ്റിയ സിനിമയല്ല. രാഷ്ട്രീയവും വർഗീയവുമായ വിഷം ചീറ്റുകയാണ്. വളരെ മോശമായൊരു സിനിമയായാണ് തനിക്ക് തോന്നിയതെന്നും ചിത്രം സമൂഹത്തിനു നൽകുന്ന സന്ദേശം വളരെ മോശമാണെന്നും മുൻ ഡിജിപി വീഡിയോയിൽ പറയുന്നു. സിനിമ ഇത്തരമൊരു രീതിയിലെടുത്തതിനു പിന്നിൽ വേറൊരു ഉദ്ദേശലക്ഷ്യമുണ്ടെന്ന് തനിക്ക് തോന്നിയതുകൊണ്ടാണ് ഇതിന്‍റെ നിരൂപണം ചെയ്തതെന്നും ശ്രീലേഖ പറയുന്നു.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com