സംസ്ഥാന ചരിത്രത്തിൽ ആദ്യം; കേരള പിഎസ്‌സി ചെയർമാനെ നീക്കണമെന്ന് രാഷ്ട്രപതിയോട് ശുപാർശ ചെയ്ത് മുൻ ഗവർണർ ആർലേക്കർ

ഗവർണർ പദവിയിലിരിക്കെയാണ് ആർലേക്കർ ശുപാർശ നൽകിയതെന്ന് ലോക്ഭവൻ വൃത്തങ്ങൾ അറിയിച്ചു

Former Governor recommends to the President that the PSC Chairman be removed.

പിഎസ്‌സി ചെയർമാനെ നീക്കണമെന്ന് രാഷ്ട്രപതിയോട് ശുപാർശ ചെയ്ത് മുൻ ഗവർണർ

Updated on: 

തിരുവനന്തപുരം: കേരള പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിനെയും അംഗങ്ങളെയും സ്ഥാനത്ത് നിന്ന് നീക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിനോട് മുൻ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ശുപാർശ ചെയ്തതായി റിപ്പോർട്ട്. പിഎസ്‌സിക്കെതിരേ ഉയർന്ന ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഗവർണർ പദവിയിലിരിക്കെയാണ് ആർലേക്കർ ശുപാർശ നൽകിയതെന്ന് ലോക്ഭവൻ വൃത്തങ്ങൾ അറിയിച്ചു.

അടുത്തിടെ തമിഴ്‌നാട് ഗവർണറായി സ്ഥലംമാറ്റം ലഭിച്ച ആർലേക്കർ, കേരളത്തിൽ നിന്ന് വിടുതൽ ലഭിക്കുന്നതിന് ഒരാഴ്ച മുമ്പാണ് രാഷ്ട്രപതിക്ക് കത്തയച്ചത്. പിഎസ്‌സിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണങ്ങളും ഇതുസംബന്ധിച്ച അന്വേഷണവും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഗവർണറുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടി ഉണ്ടായിരിക്കുന്നത്.

സംസ്ഥാന ആസൂത്രണ ബോർഡ് മേധാവിയുടെ തസ്തികയിലേക്കുള്ള പിഎസ്‌സി പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് നടപടി. പിന്നീട് മറ്റ് പിഎസ്‌സി പരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

യുവമോർച്ചയും അഖില ഭാരതീയ വിദ്യാർഥി പരിഷത്തും (എബിവിപി) ആർലേക്കർ കേരള ഗവർണറായിരിക്കെ പരാതി നൽകിയിരുന്നുവെന്ന് ലോക്ഭവൻ വൃത്തങ്ങൾ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസ് വിഭാഗത്തോട് അദ്ദേഹം റിപ്പോർട്ട് തേടി. കമ്മിഷനെതിരായ ആരോപണങ്ങളിൽ പൊലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടും പരിശോധിച്ചു.

പിഎസ്‌സി ചെയർമാനെ നീക്കണമെന്ന് ശുപാർശ ചെയ്തതിന്‍റെ കാരണങ്ങൾ വിശദീകരിച്ചുകൊണ്ടാണ് രാഷ്ട്രപതിക്ക് കത്തയച്ചത്. വിഷയം സുപ്രീം കോടതിയുടെ പരിഗണനയ്ക്കും വിട്ടതായി ലോക്ഭവൻ വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, പിഎസ്‌സി കേസിലെ അന്വേഷണം മന്ദഗതിയിലാണെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി അടുത്തിടെ സംസ്ഥാന സർക്കാരിനെ വിമർശിച്ചിരുന്നു. ആറ് വർഷമാണ് പിഎസ്‌സി അംഗങ്ങളുടെ കാലാവധി.

ഒക്റ്റോബർ 23നാണ് ആർലേക്കറെ കേരള ഗവർണർ പദവിയിൽ നിന്ന് വിടുതൽ ചെയ്ത് തമിഴ്‌നാട്ടിലേക്ക് സ്ഥലംമാറ്റിയത്.

logo
Metro Vaartha
www.metrovaartha.com