

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു
കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ (89) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1989-90 കാലത്ത് വിപി സിംഗ് സർക്കാരിന്‍റെ ഉപരിഗതാഗത-വാർത്ത വിനിമയ വകുപ്പിന്‍റെ ചുമതലയുള്ള കേന്ദ്രമന്ത്രിയായിരുന്നു.
ഇറാഖ്-കുവൈത്ത് യുദ്ധകാലത്ത് കുവൈറ്റിൽ കുടുങ്ങിയ നഴ്സുമാരേ നാട്ടിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
ആറ് തവണ വടകര മണ്ഡലത്തിൽ നിന്ന് പാർലമെന്‍റിലേക്ക് വിജയിച്ചു. 1971 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വടകരയിൽ നിന്നാണ് ആദ്യം ജയിച്ചത്. പിന്നീട് 1977, 1980, 1989, 1991 വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിലും ലോക്സഭയിൽ വടകരയുടെ പ്രതിനിധിയായി. കേരളത്തിൽ ഒരേ ലോക്സഭ മണ്ഡലത്തിൽ തുടർച്ചയായി ഏറ്റവും അധികം തവണ വിജയിച്ച വ്യക്തി എന്ന പ്രത്യേകതയും കെ.പി. ഉണ്ണികൃഷ്ണനുണ്ട്.