"ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് പ്രത്യേക പരീക്ഷാ-മൂല്യനിർണയം"; ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

അടുത്ത അക്കാദമിക് വർഷം മുതൽ ഘട്ടംഘട്ടമായി പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു
four year degree special evaluation differently abled students kerala
Minister R Bindufile
Updated on

തിരുവനന്തപുരം: വിദ്യാർഥികളിൽ ജ്ഞാനം, നൈപുണി, അഭിരുചി എന്നിവ ഉറപ്പുവരുത്തി മുന്നോട്ടുപോകുന്ന നാലുവർഷ ബിരുദ പരിപാടിയിൽ ഒരേ രീതിയിലുള്ള മൂല്യനിർണയരീതികൾ പ്രയോഗിക്കുന്നത് ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് വലിയ പരിമിതികൾ സൃഷ്ടിക്കുന്നുണ്ടെന്നും അതിനാൽ അവർക്കായി സർക്കാർ പ്രത്യേക പരീക്ഷാ-മൂല്യനിർണയ രീതികൾ നടപ്പാക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സമയപരിധിയുള്ള എഴുത്തുപരീക്ഷകൾ, വാചികാവതരണങ്ങൾ, പരമ്പരാഗത പ്രായോഗിക പരീക്ഷകൾ, അതിവേഗ പ്രതികരണം ആവശ്യമായ മൂല്യനിർണയ രീതികൾ തുടങ്ങിയ പരമ്പരാഗത മൂല്യനിർണയ രീതികൾ ഭിന്നശേഷി വിഭാഗത്തിലെ ചില വിദ്യാർഥികൾക്ക് ഘടനാപരമായ തടസങ്ങളുണ്ടാക്കുന്നു. ഇത് അവരുടെ അറിവിൻന്‍റെയോ കഴിവിന്‍റെയോ കുറവുകൊണ്ടല്ലെന്നും പരീക്ഷയുടെ രൂപകൽപ്പനയും രീതിയും അവരുടെ പഠനാവശ്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്താതിനാലാണെന്നും മന്ത്രി പറഞ്ഞു.

ഈ തിരിച്ചറിവിൽ കാഴ്ചപരിമിതർ, ശ്രവണപരിമിതർ, ചലനപരിമിതർ, സംസാര-ഭാഷാ വൈകല്യം, എഡിഎച്ച്ഡി, ഓട്ടിസം, മാനസിക വെല്ലുവിളി, പ്രത്യേക പഠന വൈകല്യം, ബൗദ്ധിക വൈകല്യം, തുടങ്ങിയ വിഭാഗത്തിലെ വിദ്യാർഥികൾക്ക് പ്രത്യേക പരീക്ഷാ-മൂല്യനിർണയ രീതികൾ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അടുത്ത അക്കാദമിക് വർഷം മുതൽ ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിരന്തരമായ ഇന്‍റേണൽ പരീക്ഷകളിലും സെമസ്റ്റർ പരീക്ഷകളിലും മാറ്റങ്ങൾ കൊണ്ടുവരും. ഉദാഹരണമായി, അസൈൻമെന്‍റുകൾ എഴുതി നൽകുന്നതിന് പകരം ഓഡിയോ സബ്മിഷനുകൾ, വീഡിയോ പ്രസന്‍റേഷനുകൾ, റെക്കോർഡ് ചെയ്ത വാചിക വിശദീകരണങ്ങൾ എന്നിവ നടപ്പിലാക്കാനാവും.

logo
Metro Vaartha
www.metrovaartha.com