
300 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്; ദി ഫോര്‍ത്ത് ചാനല്‍ ഉടമകള്‍ അറസ്റ്റില്‍
തിരുവനന്തപുരം: നിക്ഷേപകരെ കബളിപ്പിച്ച് 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ ദി ഫോര്‍ത്ത് ചാനല്‍ ഉടമകള്‍ അറസ്റ്റില്‍. മാതൃകമ്പനിയായ ഫാം ഫെഡ് കമ്പനിയുടെ ചെയര്‍മാന്‍ രാജേഷ് പിള്ള, മാനെജിങ് ഡയറക്റ്റര്‍ അഖിൻ ഫ്രാന്‍സിസ് എന്നിവരാണ് പിടിയിലായത്. കവടിയാര്‍ സ്വദേശിനിയായ നിക്ഷേപകയുടെ പരാതിയിലാണ് പൊലീസ് നടപടി.
സതേണ്‍ ഗ്രീന്‍ ഫാമിങ് ആൻഡ് മാര്‍ക്കറ്റിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അഥവാ ഫാം ഫെഡ് എന്ന പേരില്‍ പ്രതികള്‍ ഒരു കമ്പനി നടത്തുന്നുണ്ട്. ഈ കമ്പനി പിന്നീട് ദി ഫോര്‍ത്ത് എന്ന പേരില്‍ മാധ്യമ രംഗത്തേക്കും കടന്നു. ഫാം ഫെഡിന്‍റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ്. 2008ല്‍ ആരംഭിച്ച ഫാം ഫെഡ്, വന്‍ തുക ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്ന് 300 കോടിയിലധികം രൂപ തട്ടിച്ചുവെന്നാണ് പൊലീസ് കേസ്. ഫാം ഫെഡിന്‍റെ പേരില്‍ നടത്തിയ തട്ടിപ്പില്‍ ഇവരുടെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ നാല് ഡയറക്റ്റര്‍മാരും പ്രതികളാണ്.