
ജലന്ധർ: സഭാ നേതൃത്വവുമായി ചർച്ച ചെയ്താണു രാജി തീരുമാനിച്ചതെന്നു ബിഷപ്പ് എമിരറ്റസ് ഫ്രാങ്കോ മുളയ്ക്കല്‍.
ജലന്ധർ രൂപതയില്‍ ഇനിയും ബിഷപ്പ് ഇല്ലാതിരിക്കാനാകില്ല. അപ്പീൽ ഉള്ളതിനാൽ കേസ് നീളും. രാജി വെച്ചില്ലെങ്കിൽ പുതിയ ബിഷപ്പിനുള്ള നടപടിക്രമം തുടങ്ങാനാവില്ല. രാജിക്കാര്യം തനിക്കു സ്വയം തീരുമാനിക്കാനാകില്ല. സ്വയം രാജി വെക്കുകയാണെങ്കില്‍ അതു വിമത പ്രവർത്തനമായി കാണുമെന്നും ഫ്രാങ്കോ മുളയ്ക്കൽ വിശദീകരിച്ചു. ജലന്ധറിലെ യാത്രയയപ്പിന്റെ ഭാഗമായുള്ള കുർബാനയ്ക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിഷനറിയാകണം എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നു ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. കുടുംബത്തിന്റെ എതിർപ്പ് മറി കടന്നാണു മിഷനറി ആയത്. ദൈവമാണ് തന്നെ ജലന്ധറിലേക്ക് അയച്ചത്. വൈദികനും ബിഷപ്പുമായി നിരവധി പദവികൾ വഹിച്ചു. രാഷ്ട്രീയപരമായി സമുദായം ശക്തിപ്പെടണമെന്നും ഫ്രാങ്കോ മുളയ്ക്കൽ പ്രസംഗമധ്യേ പറഞ്ഞു.
ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കണം. കോൺഗ്രസിനെയോ, ബിജെപിയെയോ അകാലിദളിനെയോ പിന്തുണയ്ക്കണം. ഒരു ദിവസം എംഎൽഎയോ മന്ത്രിയോ മുഖ്യമന്ത്രിയോ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നും ഉണ്ടാകാം.
തനിക്കെതിരേ ഉണ്ടായതു കള്ളക്കേസാണ്. കേസിൽ വെറുതെ വിട്ടപ്പോൾ ലോകകപ്പ് ജയിച്ച പോലെയാണ് തോന്നിയത്. ഇപ്പോൾ ജലന്ധറിലെ ദൗത്യം പൂർത്തിയായി, ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു.
ജലന്ധറിലെ സെന്റ് മേരിസ് കത്തീഡ്രൽ പള്ളിയിലാണ് യാത്രയപ്പ് ചടങ്ങ് നടന്നത്. യാത്രയയപ്പ് നടന്ന സെന്റ് മേരിസ് കത്തീഡ്രലിന് പുറത്തു സുരക്ഷ വർധിപ്പിച്ചിരുന്നു.