fraud of lakhs through online share trading; The accused is in police custody
പ്രതി നബിൻ

ഓൺലൈൻ ഷെയർ ട്രേഡിങിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതി പൊലീസ് പിടിയിൽ

ഫെയ്സ് ബുക്കിൽ പരസ്യം കണ്ടാണ് പിറവം സ്വദേശി തട്ടിപ്പ് സംഘവുമായി ബന്ധപ്പെടുന്നത്.
Published on

കൊച്ചി: ഓൺലൈൻ ഷെയർ ട്രേഡിങിലൂടെ ലക്ഷങ്ങൾ ലാഭ വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയിൽ നിന്ന് മുപ്പത്തി ഒമ്പത് ലക്ഷത്തി എൺപതിനായിരം രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. തൃശൂർ പൊട്ട പഴമ്പിള്ളി പുല്ലൻ വീട്ടിൽ നബിൻ ( 26) നെയാണ് ആലുവ സൈബർ പൊലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്. നിക്ഷേപത്തിന് ഒൺലൈൻ ഷെയർ ട്രേഡിങിലൂടെ വൻ ലാഭമാണ് തട്ടിപ്പ് സംഘം വാഗ്ദാനം ചെയ്തത്.

ഫെയ്സ് ബുക്കിൽ പരസ്യം കണ്ടാണ് പിറവം സ്വദേശി തട്ടിപ്പ് സംഘവുമായി ബന്ധപ്പെടുന്നത്. പുതുതായി തുടങ്ങുന്ന ഐപിഒ കളിൽ പണം നിക്ഷേപിച്ചാൽ രണ്ടിരട്ടിയോ അതിലേറെയോ ലാദമായി ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.

ഇതിൽ വിശ്വസിച്ച ഇയാൾ ഏപ്രിലിൽ വിവിധ ദിവസങ്ങളിലായി സംഘത്തിന്‍റെ വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുകയായിരുന്നു. പതിനാറ് പ്രാവശ്യമായാണ് പണം നിക്ഷേപിച്ചത്. ഓരോ ലെവൽ കഴിയുമ്പോൾ നിക്ഷേപവും ലാഭവും വർധിക്കുമെന്നായിരുന്നു ഓഫർ. എന്നാൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കാതെ വന്നപ്പോഴാണ് തട്ടിപ്പ് മനസിലായത്.

തുടർന്ന് പരാതി നൽകി. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയിലേക്കെത്തിയത്.

പിടിയിലായ ആളുടെ അക്കൗണ്ടിലൂടെ കഴിഞ്ഞ 6 മാസത്തിനുള്ളിൽ ഒരു കോടി ഇരുപത്തിയാറ് ലക്ഷം രൂപയുടെ ഇടപാടുണ് നടന്നിട്ടുള്ളത്. തട്ടിപ്പു സംഘത്തിൽപ്പെട്ട മറ്റ് ആളുകൾ അയച്ചുകൊടുക്കുന്ന തുക ഡോളറാക്കി മാറ്റി തിരിച്ചയച്ചുകൊടുക്കുന്നതും ഇയാളാണ്. ഇൻസ്പെക്ടർ വിബിൻദാസ്, എസ്.ഐമാരായ സി.കെ.. രാജേഷ്, എം. അജേഷ്, എഎസ്ഐ പി.ജി. ബൈജു, സീനിയർ സി പി ഒ മാരായ ആർ. സജേഷ്, ലിജോ ജോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

ഓൺലെയൻ ഷെയർ ട്രേഡിങിന്‍റെ പേരിൽ പണം പോകുന്നവരുടെ എണ്ണം വർധിക്കുകയാണ്. വൻ ലാഭ വാഗ്ദാനത്തിൽ വീണ് പോവുകയാണ് പതിവ് ഓൺലൈൻ ട്രേഡിങ്, ഷെയർ ട്രേഡിങ് എന്നിവയിലൂടെ നിരവധി പേർക്ക് ലക്ഷങ്ങളാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ആദ്യമാദ്യം നിക്ഷേപിക്കുന്ന തുകകൾക്ക് ലാഭമെന്ന പേരിൽ ഒരു സംഖ്യ തരും.

വിശ്വാസമാർജ്ജിക്കാനും കൂടുതൽ തുക നിക്ഷേപിക്കാനുമുള്ള അടവാണത്. തുടർന്ന് കുടുതൽ പണം നിക്ഷേപിക്കുകയും തിരിച്ചെടുക്കാൻ കഴിയാതെ തട്ടിപ്പിനിരയാവുകയൂം ചെയ്യും.

അടുത്ത കാലത്ത് ആലുവ സ്വദേശിക്ക് ഒരു കോടി രൂപയും, കോതമംഗലം സ്വദേശിക്ക് 85 ലക്ഷവും കറുകുറ്റി സ്വദേശിക്ക് 90 ലക്ഷത്തോളം രൂപയും സമാന രീതിയിൽ നഷ്ടപ്പെട്ടു. ഇത്തരം തട്ടിപ്പ് ആപ്പുകളെയും, പരസ്യങ്ങളേയും ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ വൻ സാമ്പത്തിക നഷ്ടം സംഭവിക്കുമെന്ന്‌ പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

logo
Metro Vaartha
www.metrovaartha.com